November 22, 2024
General

കേരളത്തിൽ നടപ്പാക്കുന്ന നാലു വർഷത്തെ ബിരുദ കോഴ്സിനെ പറ്റി (FYUGP)

  • May 16, 2024
  • 2 min read
കേരളത്തിൽ നടപ്പാക്കുന്ന നാലു വർഷത്തെ ബിരുദ കോഴ്സിനെ പറ്റി (FYUGP)
Share Now:

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്സിനെ പലരും സംശയത്തോടെ കാണുന്നുണ്ട്. നിലവിലുള്ള ബിരുദ കോഴ്‌സ് നാലുവര്‍ഷത്തേക്ക് വിപുലീകരിക്കുകയാണ് ചെയ്തത്. ബിരുദം മാത്രം മതി എന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം വര്‍ഷം പഠനം നിര്‍ത്തി ബിരുദധാരിയായി പോകാം. നാലാം വര്‍ഷം ഐച്ഛികമാണ് വേണമെങ്കിൽ തുടരാം അല്ലെങ്കിൽ നിർത്താം. ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിരുദാനന്തര ബിരുദത്തിനു തുല്യമായ ഓണേഴ്‌സ് ബിരുദം ലഭിക്കുന്നു. കേരളത്തില്‍ ഇതുവരെ ഓണേഴ്‌സ് ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവായിരുന്നു.

സാധ്യതകള്‍

നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദ പഠനം വിദ്യാര്‍ത്ഥിക്ക് നിരവധി സാധ്യതകള്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓണേഴ്‌സ് ബിരുദം നേടി പഠനം അവസാനിപ്പിക്കാം. അല്ലെങ്കില്‍ അതിന്റെ കൂടെ ഗവേഷണം കൂടി ചേര്‍ത്ത്, ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്ന യോഗ്യത നേടാം. അതോടെ നേരെ ഗവേഷണത്തിന് ചേരാനുള്ള സാധ്യത തെളിയുന്നു. ഇത്രയും കാലം ബിരുദാനന്തര ബിരുദം കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ പ്രവേശന യോഗ്യതകള്‍ സമ്പാദിച്ചാല്‍ മാത്രമേ ഗവേഷകരാകാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഉന്നത വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുകയാണ് ഇതിലൂടെ. അതേസമയം ബിരുദത്തോടെ പഠനം നിര്‍ത്തണം എന്നുള്ളവര്‍ക്കോ എംബിഎ പോലെ മറ്റേതെങ്കിലും വിഷയങ്ങളില്‍ ബിരുദാനന്തര പഠനത്തിന് പോകണമെന്നുള്ളവര്‍ക്കോ മൂന്നാം വര്‍ഷം ബിരുദ പഠനം അവസാനിപ്പിക്കാം.

ഇനിമുതല്‍ എല്ലാവരുടെയും ബിരുദം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് മേജര്‍ ബിരുദം കോമേഴ്‌സില്‍ ആണെങ്കില്‍ വേറെ വിഷയങ്ങളിലുള്ള മൈനര്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റും. സ്റ്റാറ്റിസ്റ്റിക്‌സില്‍ താല്പര്യമുള്ള ഒരു കോമേഴ്‌സ് വിദ്യാര്‍ത്ഥി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഏതാനും കോഴ്‌സുകള്‍ പഠിച്ചാല്‍ അയാള്‍ക്ക് കിട്ടുന്ന ബിരുദം ‘മേജര്‍ കോമേഴ്‌സി’നൊപ്പം ‘മൈനര്‍ സ്റ്റാറ്റിസ്റ്റിക്‌സ്’ ആയിരിക്കും. പില്‍ക്കാലത്ത് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടാനാണ് അയാള്‍ക്ക് താല്പര്യമെങ്കില്‍ അതിനും പോകാനാവും.

വിദ്യാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പിനുള്ള വാതായനങ്ങള്‍ വളരെ വിശാലമായിരിക്കുന്നു എന്നതാണ് ഇതിനര്‍ത്ഥം. ഇപ്പോൾ ബി എസ് സി കെമിസ്ട്രിക്ക് പഠിച്ച ഒരാള്‍ക്ക് എം എസ് സി ഫിസിക്‌സിന് പോകാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ഇനി ബി എസ് സി കെമിസ്ട്രിക്കൊപ്പം മൈനര്‍ ആയി ഫിസിക്‌സ് പഠിച്ചിട്ടുണ്ടെങ്കില്‍ ഫിസിക്‌സ് ബിരുദാനന്തര ബിരുദത്തിന് ചേരാം.

അക്കാഡമിക് ക്രെഡിറ്റ് ബാങ്ക്

പഠനം തുടങ്ങിയ ശേഷം യൂണിവേഴ്‌സിറ്റികളും കോളജുകളും മാറുന്നതിനുള്ള സൗകര്യവും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കും. കാരണം യൂണിവേഴ്‌സിറ്റിയോ കോളജോ ആയിട്ടല്ല; തന്റെ അക്കാഡമിക് ക്രെഡിറ്റ് ബാങ്കുമായിട്ടാണ് വിദ്യാര്‍ത്ഥിയുടെ ബന്ധം. ഈ ക്രെഡിറ്റ് ബാങ്ക് ആണ് തന്റെ ബിരുദത്തിന് ആധാരമായി വിദ്യാര്‍ത്ഥി മുന്നോട്ടുവയ്ക്കാന്‍ പോകുന്നത്. ഏഴു വര്‍ഷമാണ് ഈ ക്രെഡിറ്റ് ബാങ്കിന്റെ സാധുത. അതുകഴിഞ്ഞാല്‍ ഈ ക്രെഡിറ്റുകള്‍ നഷ്ടപ്പെടും.
അതായത് കോഴ്‌സ് തുടങ്ങി ഏഴു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും വേണം.

ഇത് കൃത്യമായി നടപ്പായാൽ ഉണ്ടാവുന്ന മാറ്റങ്ങൾ

പ്ലസ് ടു കഴിഞ്ഞ് ഒരു വിദ്യാര്‍ത്ഥി താന്‍ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം തെറ്റിപ്പോയി എന്നു മനസ്സിലാക്കുകയാണെന്നു കരുതുക. ആ തെറ്റായ വിഷയത്തില്‍ തന്നെ പഠനം പൂര്‍ത്തിയാക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പുതിയ പദ്ധതിയില്‍ ആകട്ടെ വിഷയം മാറാന്‍ വിദ്യാര്‍ത്ഥിക്ക് അവസരം ഉണ്ടായിരിക്കും. വേറൊരു വിഷയത്തിലാണ് തനിക്ക് മികവു തെളിയിക്കാന്‍ കഴിയുക എന്നുണ്ടെങ്കില്‍ അതിലേക്ക് മാറാന്‍ സാധിക്കും.

നന്നായി മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് ഒരു സെമസ്റ്ററിന് മുമ്പേ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന അവസരവും പുതിയ രീതിയില്‍ ഉണ്ട്. അവധിക്കാലത്തോ മറ്റോ ഇതര അംഗീകൃത കോഴ്‌സുകള്‍ പഠിച്ച് ആവശ്യമായ ക്രെഡിറ്റുകള്‍ സമ്പാദിച്ചാല്‍ അഞ്ചാം സെമസ്റ്ററില്‍ തന്നെ ബിരുദം നേടി അടുത്ത പരിപാടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും.

അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ച് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നേരത്തെ ബിരുദം പൂര്‍ത്തിയാക്കി അപേക്ഷകള്‍ അയയ്ക്കാനും പ്രവേശനം നേടാനും സാധിക്കും. അതിനായി ഒരു വര്‍ഷം നഷ്ടപ്പെടുത്തി കാത്തിരിക്കേണ്ടതായി വരില്ല.

മിടുക്കര്‍ക്ക് വേഗത്തില്‍ പഠിക്കുകയും അഞ്ചു സെമസ്റ്ററില്‍ ബിരുദം തീര്‍ക്കുകയും അത്രയും മിടുക്കില്ലാത്തവര്‍ക്ക് സമയമെടുത്ത് ക്രെഡിറ്റുകള്‍ സമ്പാദിച്ച് ബിരുദം എടുക്കുകയും ചെയ്യാം. പെണ്‍കുട്ടികള്‍ക്ക് ഇത് ഗുണകരമാകും. നേരത്തെയുള്ള വിവാഹവും മറ്റും മൂലം പഠനം മുടങ്ങി പോകുന്ന അനേകരുണ്ട്. അവര്‍ക്ക് പിന്നീട് തുടര്‍ന്നു പഠിച്ച് ബിരുദം നേടാന്‍ ഇത് അവസരം നല്‍കുന്നു.

ഇതുവരെ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വാതില്‍ മാത്രമേ തുറന്നു നല്‍കിയിരുന്നുള്ളൂ. ഇനിയുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ക്ക് പല വാതിലുകള്‍ തുറന്നു നല്‍കും. വിദ്യാര്‍ത്ഥികളുടെ സാധ്യതകള്‍ വര്‍ധിച്ചു. ഈ നയം ഒരു വശത്ത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെങ്കില്‍ മറുവശത്ത് മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം പോലെ ഉയര്‍ന്ന തലങ്ങളിലേക്ക് പോകുന്നതിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതായത് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇതുവരെ ഇല്ലാതിരുന്നവരെ ഉള്‍ക്കൊള്ളിക്കുന്നതിനൊപ്പം, മികവുള്ളവര്‍ക്ക് കൂടുതല്‍ ഉയരങ്ങള്‍ തേടാനും അവസരം നല്‍കുന്നതാണ് ഈ സംവിധാനം.

കടപ്പാട് : ഡോ. അജയ് ജോസഫ്, തൃക്കാക്കര ഭാരതമാതാ കോളേജ്

Share Now: