November 21, 2024
General

ഭക്ഷണത്തിന്റെ ആയുസ്സ് നിർണയിക്കാം ഫുഡ് പ്രോസസ്സിങ്ങിലൂടെ

  • January 30, 2024
  • 2 min read
ഭക്ഷണത്തിന്റെ ആയുസ്സ് നിർണയിക്കാം ഫുഡ് പ്രോസസ്സിങ്ങിലൂടെ
Share Now:

എന്താണ് ഫുഡ് പ്രൊസസിങ്

കൃത്യമായ രീതികളും സാങ്കേതിക സംവിധാനങ്ങളുമുപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ ആയുസും ഗുണമേന്മയും വര്‍ധിപ്പിക്കുന്ന ശാസ്ത്രത്തെയാണ് ഫുഡ് പ്രൊസസിങ് അല്ലെങ്കില്‍ ഭക്ഷ്യസംസ്‌കരണം എന്ന് വിളിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റുകളിലെ അലമാരകളില്‍ അടുക്കിവച്ച വിവിധ ഭക്ഷണസാധനങ്ങള്‍ കണ്ടിട്ടില്ലേ. ആറുമാസം കഴിഞ്ഞുപയോഗിച്ചാലും അവയുടെ ഗുണമോ രുചിയോ നിറമോ ഒന്നും മാറുന്നില്ലെന്നത് ശ്രദ്ധിച്ചിട്ടില്ലേ.

അവയെല്ലാം ഫുഡ് പ്രൊസസിങിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയവയാണ് എന്ന് മനസിലാക്കുക.

പായ്ക്കറ്റുകളില്‍ കിട്ടുന്ന പാലും ജ്യൂസും ബിസ്‌കറ്റും കേക്കുമെല്ലാം ഇങ്ങനെ പ്രൊസസ് ചെയ്യപ്പെട്ടവയാണ്. കൂടുതല്‍ കാലം കേടാകാതെ സൂക്ഷിക്കുക മാത്രമല്ല ഫുഡ് പ്രൊസസിങിന്റെ ധര്‍മം.

ഭക്ഷ്യവസ്തുക്കളുടെ ഗുണവും രുചിയും വര്‍ധിപ്പിക്കുക, അവയില്‍ നിന്ന് വിഷവസ്തുക്കള്‍ എടുത്തുകളയുക, മാലിന്യം കലരുന്നത് തടയുക എന്നിവയൊക്കെ ഫുഡ് പ്രൊസസിങിന്റെ പരിധിയില്‍ വരുന്നു.

ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കാന്‍ അനുവദനീയമായ ചില കൃത്രിമനിറങ്ങളും രുചികളുമുണ്ട്. അവയെല്ലാം കൃത്യമായ ആനുപാതത്തില്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ഉത്തരവാദിത്തവും ഫുഡ് പ്രൊസസിങ് പ്രൊഫഷനലുകളുടേതാണ്.

നിശ്ചിത അളവില്‍ ചൂടാക്കിയാല്‍ പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച പാസ്ചറൈസേഷന്‍ എന്ന വിദ്യ കണ്ടുപിടിച്ച ലൂയി പാസ്ചര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ രംഗത്ത് വന്‍ വഴിത്തിരിവ് സൃഷ്ടിച്ചത്.

തുടര്‍ന്നങ്ങോട്ട് ഭക്ഷ്യസംസ്‌കരണരംഗത്ത് ഒട്ടേറെ പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.

പുതിയ കാലത്ത് ഏറ്റവുമധികം ഗവേഷണവും പുത്തന്‍ സാേങ്കതികവിദ്യകളുടെ ഉപയോഗവും നടക്കുന്നൊരു മേഖല കൂടിയാണ് ഫുഡ് പ്രൊസസിങ്.

ഭക്ഷ്യോത്പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പായ്ക്കറ്റുകളിലേക്ക് രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്.

അതുകൊണ്ട് തന്നെ ഫുഡ് പ്രൊസസിങ് പ്രൊഫഷനലുകളുടെ ജോലി സാധ്യതയും ഉത്തരവാദിത്തവും കൂടിവരുന്നു.

യോഗ്യത

പൂര്‍ണമായും ശാസ്ത്രത്തില്‍ അധിഷ്ഠിതമായൊരു തൊഴില്‍ മേഖലയാണ് ഫുഡ് പ്രൊസസിങ്. ശാസ്ത്രീയവിഷയങ്ങളിലുള്ള താത്പര്യം, ഓരോ ഭക്ഷ്യവിഭവത്തിന്റെയും പോഷകമൂല്യങ്ങളെക്കുറിച്ചും ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചുമുള്ള ഏകദേശ ധാരണ,മികച്ച ആശയവിനിമയശേഷി എന്നിവയുള്ളവര്‍ക്ക് ഈ മേഖലയില്‍ ചുവടുറപ്പിക്കാനാകും.

പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള കഴിവ്,കഠിനാധ്വാനം ചെയ്യാനുളള സന്നദ്ധത, ഒരു ടീമായി ജോലി ചെയ്യാനുള്ള താത്പര്യം എന്നിവയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്. നാട്ടിലേക്കാള്‍ മറുനാട്ടിലും വന്‍നഗരങ്ങളിലുമാകും ജോലി സാധ്യത കൂടുതലായി ഉണ്ടാകുക.

പഠന രീതികൾ

ഈ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണമെന്നാഗ്രഹിക്കുന്നവര്‍ ശാസ്ത്രവിഷയങ്ങളില്‍ അടിസ്ഥാനം സൃഷ്ടിക്കേണ്ടത് അത്യാവശ്യം.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പ്ലസ്ടു മികച്ച മാര്‍ക്കോടെ പാസായതിന് ശേഷം വേണം ഫുഡ് പ്രൊസസിങ് പഠനത്തിനൊരുങ്ങാന്‍.

പ്ലസ്ടു കഴിഞ്ഞാല്‍ ഈ വിഷയത്തില്‍ ഡിപ്ലോമ,ഡിഗ്രി കോഴ്‌സുകള്‍ ഒട്ടേറെയുണ്ട്. ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്,ഹോം സയന്‍സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി കോഴ്‌സുകളും ബി.ടെക്,എം.ടെക്, എം.എസ്.സി., പി.എച്ച്.ഡി. കോഴ്‌സുകളും പല സ്ഥാപനങ്ങളിലായി നടക്കുന്നു.

പ്ലസ്ടു കഴിഞ്ഞാണ് പോകുന്നതെങ്കില്‍ ബി.എസ്.സി. കോഴ്‌സോ ബി.ടെക്കോ തിരഞ്ഞെടുക്കാം. ഏതെങ്കിലും ശാസ്ത്രവിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് ഫുഡ് പ്രൊസസിങില്‍ എം.എസ്.സി. കോഴ്‌സ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഫുഡ് പ്രൊസസിങില്‍ തന്നെ വ്യത്യസ്തമായ പല വിഭാഗങ്ങളുമുണ്ട്. അവയിലൊക്കെ ജോലി കിട്ടണമെങ്കില്‍ വ്യത്യസ്തമായ കോഴ്‌സുകള്‍ പഠിച്ചിരിക്കണം.

ഓര്‍ഗാനിക് കെമിസ്റ്റ്, ബയോകെമിസ്റ്റ്, അനലിറ്റിക്കല്‍ കെമിസ്റ്റ്, ഹോം ഇക്കണോമിസ്റ്റ്, എഞ്ചിനിയര്‍, റിസര്‍ച്ച് സയന്റിസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള ജോലിസാധ്യതകള്‍ ഈ മേഖലയില്‍ ലഭ്യമാണ്.

ബി.ടെക്/ബി.എസ്.സി. പഠനത്തിന് ശേഷം ഏത് മേഖലയിലാണോ ഉപരിപഠനം നടത്തുന്നത് അതനുസരിച്ചായിരിക്കും ജോലി ലഭിക്കുക.

എവിടെ പഠിക്കാം

  • മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആര്‍.ഐ.) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഭക്ഷ്യസംസ്‌കരണമേഖലയില്‍ ഗവേഷണപരിപാടികള്‍ നടത്തുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ഫുഡ് ടെക്‌നോളജിയില്‍ എം.എസ്.സി. കോഴ്‌സും ഇവിടെ നടക്കുന്നുണ്ട്. എല്ലാവര്‍ഷവും ഏപ്രിലിലാണ് ഈ കോഴ്‌സിന്റെ പ്രവേശനനടപടികള്‍ ആരംഭിക്കുക. കെമിസ്ട്രി/ബയോകെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചുകൊണ്ട് നേടിയ ബി.എസ്.സി. സയന്‍സ് ബിരുദം അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനിയറിങ് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
  • എം.എസ്.സി. കോഴ്‌സിന് പുറമെ ഭക്ഷ്യസംസ്‌കരണത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളും ഇവിടെ നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് സി.എഫ്.ടി.ആര്‍.ഐ. വെബ്‌സൈറ്റ് പരിശോധിക്കുക.
  • കൊല്‍ക്കത്ത സര്‍വകലാശാല, ചെന്നൈയിലെ അണ്ണാ സര്‍വകലാശാല,ഖരക്പുര്‍ ഐ.ഐ.ടി., മദ്രാസ് സര്‍വകലാശാല, ധാര്‍വാഡിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ ഫുഡ് പ്രൊസസിങ് ബി.ടെക് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.
  • കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്‌സിറ്റി, അവിനാശിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍എജ്യുക്കേഷന്‍ ഫോര്‍ വിമന്‍ എന്നിവിടങ്ങളില്‍ ഫുഡ് പ്രൊസസിങ് എഞ്ചിനിയറിങില്‍ ബി.ടെക്, എം.ടെക് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി,എന്നിവിടങ്ങളിലും ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുണ്ട്.

കേരളത്തില്‍

കേരളത്തില്‍ എം.ജി. സര്‍വകലാശാലയുടെ കീഴിലും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുമായി ഭക്ഷ്യസംസ്‌കരണത്തില്‍ ചില ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകള്‍ നടക്കുന്നു.

എന്നാല്‍ ഫുഡ് പ്രൊസസിങില്‍ ബി.ടെക് എടുക്കാനുള്ള സൗകര്യങ്ങള്‍ തീരെ കുറവാണ്. കൊല്ലത്തെ ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാത്രമേ നിലവില്‍ സംസ്ഥാനത്ത് ബി.ടെക് കോഴ്‌സ് നടക്കുന്നുള്ളൂ.

ഭക്ഷ്യസംസ്കരണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ സംഭരണം മുതല്‍ വിതരണം വരെയുളള എല്ലാ പ്രക്രിയകളും ആവശ്യമായ സുരക്ഷയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും അത്യാവശ്യം കൈക്കൊള്ളേണ്ട സാങ്കേതികവിദ്യകളെയും ഭക്ഷ്യസുരക്ഷാനിയമങ്ങളെക്കുറിച്ചുമെല്ലാം ഈ കോഴ്‌സില്‍ പഠിപ്പിക്കുന്നുണ്ട്.

എഞ്ചിനിയറിങ് വിഷയങ്ങളും സയന്‍സ് വിഷയങ്ങളും തുല്യപ്രാധാന്യത്തോടെ പഠിക്കണം എന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

എല്ലാ എഞ്ചിനിയറിങ് ബിരുദ കോഴ്‌സുകളെയും പോലെ ആദ്യത്തെ വര്‍ഷം സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ബി.ടെക് ഫുഡ് ടെക്‌നോളജിക്കും ബാധകമാണ്.

Summary: Food processing is a science that preserves food for longer and improves its quality.To pursue a career in food processing, it is essential to have a foundation in science and to complete a diploma or degree course in food processing.There are many different areas in food processing, and different courses are required to get a job in each area.In Kerala, there are short-term diploma courses available under MG University, and a B.Tech in Food Technology is available at the TKM Institute of Technology in Kollam.

Share Now: