ഒരു ഡിസൈനർ ആയാലോ?: അറിയേണ്ടതെല്ലാം
പ്ലസ്ടു വിജയിച്ചവര്‍ക്ക് മികച്ച കരിയര്‍ തിരഞ്ഞെടുക്കാന്‍ ഡിസൈന്‍ പഠനവുമായി മുന്നോട്ട് പോകാം. അഭിരുചിയും വ്യത്യസ്ത ആശയങ്ങളും അവ അവതരിപ്പിക്കാനുള്ള കഴിവും ഇതില്‍ പ്രധാനമാണ്. രൂപകല്പനാമേഖലയിൽ (ഡിസൈൻ) കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരമൊരുക്കുന്ന ഒട്ടേറെ ബിരുദതല ദേശീയ പ്രവേശനപരീക്ഷകളുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഭിമുഖീകരിക്കാം.
ഡിസൈൻ പ്രവേശനത്തിനുള്ള പ്രധാനപ്പെട്ട പരീക്ഷയാണ് ബോംബെ ഐ.ഐ.ടി. നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED).
⦿ സ്ഥാപനങ്ങൾ, പ്രോഗ്രാം:
ബോംബെ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ് എന്നീ ഐ.ഐ. ടി.കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി(IIT), ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ജബൽപുർ) -നാലുവർഷ ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Dis) പ്രോഗ്രാം. ബോംബെയിൽ, അഞ്ചുവർഷ, ഡ്യുവൽ ഡിഗ്രി B.Dis+M.Dis പ്രോഗ്രാം. ബി.ഡിസ് പ്രവേശനം നേടുന്നവർക്ക് മൂന്നാംവർഷം ഒടുവിൽ ഇതിലേക്ക് ഓപ്ഷൻ നൽകാം.
⦿ യോഗ്യത:
12-ാം ക്ലാസ്/തത്തുല്യപരീക്ഷ, ഏതെങ്കിലും സ്ട്രീമിൽ (സയൻസ്, കൊമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ്) ആദ്യമായി യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷ പ്രവേശന വർഷത്തിൽ അഭിമുഖീകരിക്കുന്നവരോ തൊട്ടുതലേവർഷം ജയിച്ചവരോ ആയിരിക്കണം. തുടർച്ചയായ രണ്ടുവർഷങ്ങളിലായി, രണ്ടുതവണ ഒരാൾക്ക്, യുസീഡ് അഭിമുഖീകരിക്കാം. ഒരുവർഷത്തേക്കാണ് സാധുത.
⦿ മറ്റു സ്ഥാപനങ്ങളിലും: യുസീഡ് ഫലം, അവരുടെ ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനത്തിന് ഉപയോഗിക്കുന്നു. സ്ഥാപനങ്ങളുടെ പട്ടിക www.uceed.iitb.ac.in/-ൽ നൽകിയിരിക്കും. അവയിൽ ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അഹമ്മദാബാദ് സി.ഇ.പി.ടി. യൂണിവേഴ്സിറ്റി എന്നിവയും ഉൾപ്പെടുന്നു. വിവരങ്ങൾക്ക്: www.uceed.iitb.ac.in/
⦿ പരീക്ഷ:
ഡിസൈൻ അഭിരുചി പരീക്ഷയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാകും. ഭാഗം ഒന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ഭാഗം രണ്ട് സ്കെച്ചിങ്ങുമായി ബന്ധപ്പെട്ട പരീക്ഷയും ആയിരിക്കും. കേരളത്തിൽ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
⦿ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) വിവിധ കാമ്പസുകളിൽ നാലുവർഷ ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Dis) പ്രോഗ്രാം നടത്തുന്നു.
കാമ്പസുകൾ: അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം
– സ്പെഷ്യലൈസേഷനുകൾ:
അഹമ്മദാബാദ്: Animation film, Exhibition, GraPhic film and Radio communication, Ceramic and Glass, Furniture and Interior, Product textile.
ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം: Industrial, Communication, Textile and Apparel.
– യോഗ്യത:
ഹയർസെക്കൻഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. ഏതു സ്ട്രീമിൽ (ആർട്‌സ്/സയൻസ്/കൊമേഴ്‌സ്/ഹ്യുമാനിറ്റീസ്) പഠിച്ചവർക്കും അപേക്ഷിക്കാം.
പ്രവേശനം രണ്ടുഘട്ടമായി നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DAT)-പ്രിലിംസ്, ഫൈനൽ വഴിയാണ്.
⦿ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT):
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT), 18 കേന്ദ്രങ്ങളിലായി ഫാഷൻ ഡിസൈനിങ്/ടെക്നോളജി മേഖലകളിൽ ബിരുദപ്രോഗ്രാമുകൾ നടത്തുന്നുണ്ട്.
-കാമ്പസുകൾ:
െബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, കംഗ്റ, കണ്ണൂർ, കൊൽക്കത്ത, മുംബൈ, ഷില്ലോങ്, ശ്രീനഗർ, ദമൻ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോദ്പുർ, ന്യൂഡൽഹി, പഞ്ച്കുല, പട്ന, റായ്ബറേലി.
–പ്രോഗ്രാമുകൾ:
ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Dis). ഫാഷൻ ഡിസൈൻ, ലെതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്‌െറ്റെൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷമേഖലകൾ.
-യോഗ്യത:
പ്ലസ്ടു/തത്തുല്യപരീക്ഷ (ഏതു സ്ട്രീമിൽനിന്നും ആകാം), നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾപരീക്ഷ (അഞ്ച് വിഷയത്തോടെ) തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം.
⦿ ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി (B.F.Tech)
അപ്പാരൽ പ്രൊഡക്‌ഷൻ ബി. എഫ്.ടെക്കിന്, ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടുതല പരീക്ഷ (ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്) ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ ഉണ്ടാകും. വിവരങ്ങൾക്ക്: nift.ac.in/admission
⦿ കണ്ണൂർ കേന്ദ്രത്തിലെ പ്രോഗ്രാമുകൾ:
ബി.ഡിസ്.-ഫാഷൻ ഡിസൈൻ, ടെക്സ്‌െറ്റെൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ; ബി.എഫ്.ടെക്. കണ്ണൂരിൽ ഉൾപ്പെടെ സ്റ്റേറ്റ് ഡൊമിസൈൽവിഭാഗത്തിൽ സൂപ്പർ ന്യൂമററി സീറ്റുകൾ ഉണ്ട്. പ്ലസ്ടു കോഴ്സ്/പരീക്ഷ കേരളത്തിൽ പൂർത്തിയാക്കിയവർക്കാണ് കണ്ണൂരിലെ ഡൊമിസൈൽ വിഭാഗ സീറ്റിന് അർഹത. അപേക്ഷാരജിസ്ട്രേഷൻ സമയത്ത് ഇതിലേക്ക് താത്‌പര്യം അറിയിക്കണം. സാധാരണ പ്രവേശനത്തിനും ഇവരെ പരിഗണിക്കും.