November 22, 2024
Explore

മെഡിക്കല്‍ ലാബ് ടെക്‌നോളജി കോഴ്സുകൾ ഏതെല്ലാം

  • November 4, 2023
  • 2 min read
മെഡിക്കല്‍ ലാബ് ടെക്‌നോളജി കോഴ്സുകൾ ഏതെല്ലാം
Share Now:

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കാനുമുതകുന്ന ലാബ് ടെക്‌നീഷ്യന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് മെഡിക്കല്‍ ലാബ് ടെക്‌നോളജി കോഴ്‌സിലൂടെ ചെയ്യുന്നത്.

രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് ഒരാളുടെ രോഗനിര്‍ണയത്തില്‍ ഏറെ സഹായകരമായിരിക്കും. ഇത്തരം ടെസ്റ്റുകള്‍ ചെയ്യാനും സാമ്പിളുകള്‍ ശേഖരിക്കാനും ലാബ് ടെക്‌നീഷ്യന്മാര്‍ ആവശ്യമാണ്.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി

എക്‌സ്-റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിംഗ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നോളജിസ്റ്റുകള്‍.

കാര്‍ഡിയോവാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനും ബി.എസ്.സി മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിംഗ് ടെക്‌നോളജിയില്‍ അവസരമുണ്ട്.

ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം യാന്ത്രികമായി തുടരുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍.

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി പോലുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ സാന്നിധ്യവും ഉത്തരവാദിത്തവും ഏറെയാണ്.

ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍.

ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോവാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമാണ്.

ബിപിടി (ഫിസിയോ തെറാപ്പി)

വ്യായാമങ്ങള്‍, ഇലക്ട്രോ തെറാപ്പി, പേശികളുടെ ചലനം, അള്‍ട്രാവയലറ്റ് രശ്മികള്‍, മസാജിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് ഫിസിയോ തെറാപ്പി.

ശരീരഭാഗങ്ങളുടെയും പേശികളുടെയും ചലനത്തിന് വൈകല്യം സംഭവിച്ചവര്‍ക്കും ശരീരം തളര്‍ന്നു പോയവര്‍ക്കും മറ്റും ഏറെ പ്രാധാന്യമുള്ള ചികിത്സയാണിത്.

ഫിസിയോ തെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കാറുണ്ട്. സ്വകാര്യ പ്രാക്ടീസിംഗ് നടത്തുന്നവരും ഈ രംഗത്തു കുറവല്ല.

ബി ഒ ടി (ഒക്യുപ്പേഷണല്‍ തെറാപ്പി)

ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവരെ ട്രെയിനിംഗിലൂടെയും ചികിത്സയിലൂടെയും സാധാരണ ജീവിതത്തിലെത്തിക്കാന്‍ സഹായിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണിത്.

ഓരോ രോഗിക്കും അയാളുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍ക്കനുസൃതമായ ചികിത്സാസാമുറകള്‍ രൂപപ്പെടുത്തിയാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി (ബി എ എസ് എല്‍ പി)

കേള്‍വിക്കും സംസാരത്തിനും വൈകല്യമുള്ളവരെ പരിശീലനത്തിലൂടെ സാധാരണ ജീവിതത്തിലേക്കെത്തിക്കുവാനുള്ള ശ്രമമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്നത്. ശസ്ത്രക്രിയയും മരുന്നും കൊണ്ടുള്ള ചികിത്സകള്‍ക്ക് അനുബന്ധമായോ അല്ലാതെയോ സ്പീച്ച് തെറാപ്പിസ്‌ററുകള്‍ പ്രവര്‍ത്തിക്കുന്നു.

ബി എസ് സി ഒപ്‌റ്റോമെട്രി

നേത്രരോഗചികിത്സയുടെ സഹായക ശാഖയാണിതെന്ന് പറയാം. എന്നാല്‍ ചികിത്സ ഈ മേഖലയുടെ പരിധിയില്‍ വരുന്നില്ല. ഓപ്റ്റിക്കല്‍ ഇന്‍സ്ട്രുമെന്റുകള്‍, ലെന്‍സുകള്‍, കണ്ണടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക/ശാസ്ത്രീയ വശങ്ങള്‍ക്കാണ് പ്രാമുഖ്യം. നേത്രരോഗ വിദഗ്ധനുമായി ചേര്‍ന്നോ ക്ലിനിക്കുകളിലോ ഒപ്‌റ്റോമെട്രിസ്റ്റുകളായി പ്രവര്‍ത്തിക്കാം.

ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി

വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന ഉപകരണങ്ങളുടെ പരിപാലനത്തിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നും ഒരു രോഗിയെ എങ്ങനെ ജീവനോടെ നിലനിര്‍ത്താമെന്നും പഠിപ്പിക്കുന്നതിലൂടെ ഈ മേഖലയില്‍ വിദഗ്ധരായി വിദ്യാര്‍ത്ഥികള്‍ മാറുന്നു.

സമീപ വര്‍ഷങ്ങളില്‍ വൃക്കസംബന്ധമായ പരാജയത്തിന്റെ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍, ഈ മേഖലയിലെ പ്രൊഫഷണലുകളുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചുവരികയാണ്.

Summary: Medical technology has many different areas, including medical laboratory technology, radiology, perfusion, cardiovascular, physiotherapy, occupational therapy, audiology, optometry, and dialysis. The professionals in these areas play a vital role in diagnosis, treatment, and care.

Share Now: