നിശ്ചലതയിൽ നിന്ന് ആവേശത്തിലേക്ക്: അനിമേഷൻ എന്ന വഴികാട്ടി
അത്ഭുതങ്ങളുടെ കലയാണ് അനിമേഷന്‍. കൈകൊണ്ട് വരച്ചെടുക്കുന്ന രൂപങ്ങളെ സജീവമാക്കുന്ന മായാവിദ്യയാണത്. മനുഷ്യനേത്രങ്ങൾക്ക് സഹജമായ പെഴ്സിസ്റ്റൻസ് ഓഫ് വിഷൻ (Peristance Of Vision) എന്ന സിദ്ധിവിശേഷമാണ് അനിമേഷന്റെ അടിസ്ഥാനം.
ചിത്രരചനയില്‍ കഴിവും കലാപരമായ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ തൊഴില്‍മേഖല കൂടിയാണിത്. വിനോദവ്യവസായം, ടെലിവിഷന്‍, വിദ്യാഭ്യാസം, വിനോദസഞ്ചാരം,പ്രസാധനം, വെബ്ഡിസൈനിങ് രംഗങ്ങളിലെല്ലാം ആയിരക്കണക്കിന് അനിമേഷന്‍ വിദഗ്ധര്‍ ഇപ്പോള്‍ ജോലിയെടുക്കുന്നു.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കമ്പ്യൂട്ടര്‍ അനിമേഷന്‍ രംഗം വമ്പന്‍ കുതിപ്പു നടത്തിക്കഴിഞ്ഞു.
പരസ്യവ്യവസായം നിലനില്‍ക്കുന്നത് തന്നെ അനിമേഷന്റെ സഹായത്തോടെയാണിപ്പോള്‍. സോഫ്റ്റ്വേര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോമിന്റെ കണക്കനുസരിച്ച് ആഗോള അനിമേഷന്‍ വിപണിയില്‍ പ്രതിവര്‍ഷം11,25,000 കോടി രൂപയുടെ വ്യവസായം നടക്കുന്നുണ്ട്. അനിമേഷന്‍ വിപണിയുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്ന് ശതമാനമായി ഉയര്‍ത്തിയാല്‍ തന്നെ ആഗോള അനിമേഷന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് 42,000 കോടി രൂപയുടെ വ്യാപാരം നേടാന്‍ കഴിയും.
യോഗ്യത
പ്ലസ്ടു യോഗ്യതയുള്ള ആര്‍ക്കും അല്പമൊന്ന് കഷ്ടപ്പെട്ടാല്‍ അനിമേഷന്‍ രംഗത്ത് ചുവടുറപ്പിക്കാനാകും. പക്ഷേ എല്ലാ പ്ലസ്ടുക്കാര്‍ക്കും അനിമേറ്ററാകാന്‍ സാധിച്ചെന്നുവരില്ല.
കലയും സാങ്കേതികവിദ്യയും ഒരേയളവില്‍ കൂടിച്ചേരേണ്ട ജോലിയാണിത്. വരയ്ക്കാനും സ്കെച്ച് ചെയ്യാനുമുള്ള വിരുത്, ഹാസ്യബോധം, ഭാവനാശേഷി, നിരീക്ഷണപാടവം എന്നിവയൊക്കെയുള്ളവര്‍ക്കേ ഈ രംഗത്ത് ശോഭിക്കാനാകൂ.
മണിക്കൂറുകളോളം ഒറ്റയിരിപ്പിന് ചിത്രങ്ങള്‍ വരച്ചുതീര്‍ക്കാനുള്ള ക്ഷമ കൂടി ഇക്കൂട്ടര്‍ക്ക് വേണം. ഫൈന്‍ ആര്‍ട്സ് ബിരുദമുള്ളവര്‍ക്ക് പഠനം എളുപ്പമാവും.
കോഴ്സുകള്‍
അനിമേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് മുതല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് വരെ പല സ്ഥാപനങ്ങളും നടത്തുന്നു. അനിമേഷനൊപ്പം ഗ്രാഫിക് ഡിസൈനിങും മള്‍ട്ടിമീഡിയയും കൂടി പഠിപ്പിക്കുന്നവയാണ് മിക്ക കോഴ്സുകളും.
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അനിമേഷനില്‍ ഡിപ്ലോമ, ഡിഗ്രി കോഴ്സുകള്‍ക്ക് ചേരാം. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടി വേണമെന്ന് മാത്രം.
അനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കല്‍, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്സ്, വീഡിയോഗെയിം പ്രൊഡക്ഷന്‍ എന്നിവയാണ് ഡിപ്ലോമ, ഡിഗ്രി കോഴ്സുകള്‍ക്ക് പഠിക്കാനുണ്ടാകുക. ടുഡി അനിമേഷനൊപ്പം ത്രി ഡി അനിമേഷനും പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്.
പഠനാവസരങ്ങൾ പുറത്തും
കേരളത്തിന് പുറത്ത് അനിമേഷന്‍ പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) തന്നെ. ഡിസൈനില്‍ നാലുവര്‍ഷത്തെ പ്രൊഫഷനല്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സാണ് എന്‍.ഐ.ഡിയിലുളളത്.
കോഴ്സില്‍ ഗ്രാഫിക് ഡിസൈന്‍,അനിമേഷന്‍ ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ എന്നീ പാഠ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ദേശീയതലത്തില്‍ നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക്: www.nid.edu എന്ന വെബ്സൈറ്റ് കാണുക.
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ റാഞ്ചി ക്യാമ്പസില്‍ ബി.എസ്.സി. അനിമേഷന്‍ കോഴ്സും ജയ്പൂര്‍, നോയ്ഡ സെന്ററുകളില്‍ ബി.എസ്.സി. മള്‍ട്ടിമീഡിയ കോഴ്സും നടക്കുന്നുണ്ട്.
ഇവിടെയും പ്ലസ്ടുവാണ് പ്രവേശന മാനദണ്ഡം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bitsmesra.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്സ്ഡ്ക മ്പ്യൂട്ടിങിന്റെ (സി-ഡാക്) പൂനെ, മൊഹാലി സെന്ററുകളില്‍ അനിമേഷനില്‍ പരിശീലനം നല്കുന്നു. www.cdac.in എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക് (മാക്) അനിമേഷന്‍ പഠനത്തിന് പേരുകേട്ട സ്വകാര്യസ്ഥാപനമാണ്.
ഇഗ്നോവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാകില് ത്രി ഡി അനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്സ് ആന്‍ഡ് വെബ് ഡിസൈനിങ് എന്നീ വിഷയങ്ങളില്‍ ബിരുദ കോഴ്സുകളുണ്ട്.
ഡല്‍ഹിക്ക് പുറമെ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലും മാക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം നഗരങ്ങളിലും ഇപ്പോള്‍ മാക് ഫ്രാഞ്ചൈസികളുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.maacindia.com സന്ദർശിക്കാം.
ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും പേരുകേട്ട അനിമേഷന്‍ പഠന ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇംഗ്ലണ്ടിലെ വെയില്‍സ് യൂണിവേഴ്സിറ്റി, അമേരിക്കയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവ ഉദാഹരണങ്ങള്‍.
പഠനം കേരളത്തില്‍
തൊണ്ണൂറുകളിലാണ് അനിമേഷന്‍ വ്യവസായം കേരളത്തിലെത്തുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ടൂണ്‍സ് അനിമേഷനാണ് ഈ രംഗത്തെ സംസ്ഥാനത്തെ ആദ്യസംരംഭം.
ഇന്നിപ്പോള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലുമായി നിരവധി അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേരളത്തിലുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖ സ്ഥാപനം തിരുവനന്തപുരത്തെ ചിത്രാഞ്ജലി ഹില്‍സില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയാണ് (സി-ഡിറ്റ്).
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ (PGDMM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നിവയാണ് ഇവിടുത്തെ കോഴ്സുകള്‍.
ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ക്ക് ചേരാനുളള യോഗ്യത ബിരുദം/ത്രിവത്സര ഡിപ്ലോമ/ ഫൈന്‍ ആര്‍ട്സിലോ വിഷ്വല്‍ ആര്‍ട്സിലോ ദേശീയ/സംസ്ഥാനതല അംഗീകാരം എന്നതാണ്.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.cdit.org
തിരുവനന്തപുരത്തെ ടൂണ്‍സ് അനിമേഷന്‍ അക്കാദമിയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ആര്‍ട്സ് ആന്‍ഡ് ആനിമേഷന്‍ കോഴ്സ് ഏറെ മികച്ചതാണ്. 12 മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂണ്‍സ് അനിമേഷന്‍ സ്റ്റുഡിയോവില്‍ ആറുമാസം ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബി.എസ്.സി ഇന്‍ അനിമേഷന്‍ കോഴ്സും ടൂണ്‍സ് നടത്തുന്നു.
ഭാരതീയാര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഈ മൂന്നുവര്‍ഷത്തെ ബിരുദ കോഴ്സിന് പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
3D PIP പ്രൊഫഷണലുകള്‍ക്കായി ആറുമാസത്തെ കോഴ്സും ഇവിടെയുണ്ട്. കലാഭിരുചിയുണ്ടായിരിക്കണം. ഫൈന്‍ ആര്‍ട്സില്‍ ബിരുദം ഡിപ്ലോമ,പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ്: www.toonzacademy.com
കോട്ടയം ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ (അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്), ബി.എ. മള്‍ട്ടിമീഡിയ, എം.എ അനിമേഷന്‍. എം. എ ഗ്രാഫിക് ഡിസൈന്‍, എം.എ. (മള്‍ട്ടിമീഡിയ) എന്നീ കോഴ്സുകള്‍ നടത്തുന്നുണ്ട്. വെബ്സൈറ്റ്: www.sjcc.in ഫോണ്‍: 04812722225.
തൊടുപുഴയിലെ ശാന്തിഗിരി കോളേജില്‍ ബി.എ. അനിമേഷന്‍ പഠനസൗകര്യമുണ്ട്. വെബ്സൈറ്റ്: www.santhigiricollege.com കൊച്ചി ഇടപ്പള്ളിയിലുള്ള അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബി.എസ്സി. വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സുണ്ട്. വെബ്സൈറ്റ്: www.amira.edu
കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്സ് കോളേജിലെ ടൂണ്‍ സ്കൂള്‍ അഡ്വാന്‍സ്ഡ് ആനിമേഷന്‍ അക്കാദമിയില്‍ ബി.എസ്സി. അനിമേഷന്‍ കോഴ്സ് നടത്തുന്നു. യോഗ്യത: പ്ലസ്ടു. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്തി രഞ്ഞെടുപ്പ്. വെബ്സൈറ്റ്: www.toonskool.net
തിരുവനന്തപുരത്തെ ഡി.സി. മീഡിയ സ്കൂളില്‍ ചേര്‍ന്ന് പി.ജി. ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് അനിമേഷന്‍ ഡിസൈന്‍ കോഴ്സ് പഠിക്കാനാകും. ബിരുദമാണ് യോഗ്യത. വെബ്സൈറ്റ്: dcsmatmediaschool.com
അനിമേഷന്‍ പഠനത്തിനുള്ള മറ്റൊരു സ്ഥാപനമാണ് കെല്‍ട്രോണ്‍ അനിമേഷന്‍ ക്യാമ്പസ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം,ചങ്ങനാശ്ശേരി, പെരിന്തല്‍മണ്ണ, മല്ലപ്പള്ളി, തലശ്ശേരി, തൃശ്ശൂര്‍, തളിപ്പറമ്പ്,സുല്‍ത്താന്‍ബത്തേരി, വളാഞ്ചേരി, തൊടുപുഴ,ചെന്നൈ എന്നിവിടങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അനിമേഷന്‍,വി.എഫ്.എക്സ്., മള്‍ട്ടിമീഡിയ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രി ഡി അനിമേഷന്‍ ആന്‍ഡ് മോഡലിങ് തുടങ്ങിയ കോഴ്സുകളാണ് കാമ്പസ്സിലുള്ളത്. വെബ്സൈറ്റ്: www.keltronanimation.com
സ്വകാര്യമേഖലയിലെ മികച്ച അനിമേഷന്‍ പഠനസ്ഥാപനമാണ് അരീന അനിമേഷന്‍ അക്കാദമി. കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്,തൃശ്ശൂര്‍, കൊച്ചി, തൊടുപുഴ, തിരുവല്ല, കൊല്ലം, തിരുവനന്തപുരം, കോട്ടയം,തിരൂര്‍ എന്നിവിടങ്ങളില്‍ അരീനയ്ക്ക് ശാഖകളുണ്ട്. വെബ്സൈറ്റ്: www.arena-mutimedia.com