ഗ്രാഫിക് ഡിസൈനിങ്: സാധ്യതകളുടെ ലോകം
വിവരസാങ്കേതിക വിദ്യയുടെ പുതിയ കാലത്ത്, ഗ്രാഫിക് ഡിസൈന്‍ എന്ന കലാരൂപം ഇന്ന് എല്ലായിടത്തും പ്രചാരത്തിലാണ്. അച്ചടി, ദൃശ്യ മാധ്യമ മേഖലകളിലെ പ്രധാന ഘടകമാണ് ഗ്രാഫിക് ഡിസൈന്‍.
നമ്മള്‍ വാങ്ങുന്ന ഓരോ ഉല്പന്നത്തിലും ഏതെങ്കിലും തരത്തിലുള്ള ഒരു ഗ്രാഫിക് രൂപം ഉണ്ടായിരിക്കും. കണ്ടും വായിച്ചും മനസ്സിലാക്കുന്ന വിവരങ്ങള്‍ക്കൊപ്പം, ഗ്രാഫിക്‌സും നമ്മുടെ ചിന്തയിലേക്ക് തുളച്ചുകയറുന്നു.
കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ, ഗ്രാഫിക് ഡിസൈന്‍ മേഖല പൂര്‍ണമായും മാറി. ഇന്ന്, പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴിൽ നൽകുന്ന ഒരു മേഖലയാണിത്.
നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറ്റവും ആവശ്യപ്പെടുന്ന തൊഴില്‍ മേഖലകളില്‍ ഒന്നാണ് ഗ്രാഫിക് ഡിസൈന്‍. ഔപചാരികമായ പഠനത്തേക്കാള്‍, എഴുത്തിലും വരയിലുമുള്ള അഭിരുചിയും സൗന്ദര്യബോധവുമാണ് ഒരു ഗ്രാഫിക് ഡിസൈനര്‍ക്ക് ഏറ്റവും പ്രധാനം.
കമ്പ്യൂട്ടറിലുള്ള പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കില്‍ മികച്ച ഗ്രാഫിക് ഡിസൈനറായി മാറുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
എന്താണീ ഗ്രാഫിക് ഡിസൈനിങ്?
ചിത്രങ്ങളും വാക്കുകളും ആശയങ്ങളും ഉപയോഗിച്ച് ഒരു സന്ദേശം ജനമനസ്സുകളിലേക്കെത്തിക്കുന്ന കലയെ അഥവാ ജോലിയെയാണ് ഗ്രാഫിക് ഡിസൈനിങ് എന്ന് വിളിക്കുന്നത്.
ദൃശ്യങ്ങളുപയോഗിച്ചുള്ള ഒരു ആശയവിനിമയം കൂടിയാണിത്. അതുകൊണ്ടാണ് ഗ്രാഫിക് ഡിസൈനിങ്ങിനെ കമ്യൂണിക്കേഷന്‍ ഡിസൈന്‍ (Communication Design) എന്ന് കൂടി വിളിക്കുന്നത്.
വിവിധ ഉത്പന്നങ്ങളുടെ ലോഗോകള്‍, പരസ്യങ്ങള്‍, പോസ്റ്ററുകള്‍, കട്ട്ഔട്ടുകള്‍, വെബ്‌സൈറ്റുകള്‍, ഉത്പന്നങ്ങളുടെ പാക്കേജിങ് എന്നിവയെല്ലാം ഗ്രാഫിക് ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്തശേഷമാണ് പുറത്തിറങ്ങുന്നത്. പത്രങ്ങളില്‍ വാര്‍ത്തകള്‍ക്കൊപ്പം കൊടുക്കുന്ന ചില രേഖാചിത്രങ്ങള്‍ കണ്ടിട്ടില്ലേ, അതും ഗ്രാഫിക് ഡിസൈനറുടെ ജോലിയാണ്.
പത്രറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ചിത്രരൂപത്തിലാക്കി വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുക എന്ന ദൗത്യമാണ് ഇവിടെ ഗ്രാഫിക് ഡിസൈനര്‍ നിര്‍വഹിക്കുന്നത്.
ടെലിവിഷനില്‍ വാര്‍ത്തകള്‍ക്കൊപ്പം തെളിയുന്ന അനിമേഷന്‍ ചിത്രങ്ങള്‍, പരസ്യങ്ങള്‍ എന്നിവയിലെല്ലാം ഗ്രാഫിക് ഡിസൈനറുടെ പങ്ക് നല്ല പോലെയുണ്ട്. സിനിമകളില്‍ ഗ്രാഫിക്‌സിനായി പ്രത്യേകം വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടിപ്പോള്‍.
ദിനോസറായും സുനാമിയായും സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യവിസ്മയങ്ങളെല്ലാം ഒരു സംഘം ഗ്രാഫിക് ഡിസൈനര്‍മാരുടെ മാസങ്ങള്‍ നീണ്ട അധ്വാനമാണെന്നറിയുക.
യോഗ്യത
ഗ്രാഫിക് ഡിസൈനറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രധാനമായും വേണ്ടത് രണ്ട് ഗുണങ്ങളാണ്; സര്‍ഗാത്മകതയും കലാവാസനയും. ഇവ രണ്ടുമുണ്ടെന്ന് സ്വയം ബോധ്യമുള്ളവര്‍ മാത്രം ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്താല്‍ മതി.
വരയ്ക്കാനും കാര്യങ്ങള്‍ വിഷ്വലൈസ് ചെയ്യാനുമുളള കഴിവാണ് പിന്നെ വേണ്ടത്. ഒരു ക്ലയന്റ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ കാന്‍വാസിലേക്കോ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കോ പകര്‍ത്തുമ്പോഴാണ് ഗ്രാഫിക് ഡിസൈനറുടെ ജോലി പൂര്‍ത്തിയാകുന്നത്.
എത്രത്തോളം ഭാവനാശേഷിയുണ്ടോ അത്ര കണ്ട് കരിയറില്‍ വിജയിക്കാന്‍ ഗ്രാഫിക് ഡിസൈനര്‍ക്കാകും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുകളും പഠിച്ചെടുക്കാനുള്ള സന്നദ്ധത എന്നിവയും ഇവര്‍ക്ക് ആവശ്യമാണ്.
പലപ്പോഴും ഒരു ടീമായിട്ടോ ഒറ്റയ്‌ക്കോ ഇവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും. രണ്ട് സാഹചര്യങ്ങളുമായും പൊരുത്തപ്പെട്ടുപോകാനുള്ള മാനസിക സന്നദ്ധതയുണ്ടായിരിക്കണം.
കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച സൃഷ്ടി നടത്തുന്നയാളാണ് മികച്ച ഗ്രാഫിക് ഡിസൈനര്‍. അതുകൊണ്ട് തന്നെ കടുത്ത ജോലി ഭാരവും അതിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദവും ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് നേരിടേണ്ടിവരും.
ഏറ്റെടുത്ത ജോലി പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാനായി മിക്കപ്പോഴും ‘ഓവര്‍ടൈം’ ജോലി ചെയ്യേണ്ടിയും വരും. ഇങ്ങനെയൊക്കെ കഷ്ടപ്പെടാന്‍ തയ്യാറുള്ളവര്‍ മാത്രം ഗ്രാഫിക് ഡിസൈന്‍ തൊഴിലായി തിരഞ്ഞെടുത്താല്‍ മതി.
എന്തു പഠിക്കണം
ഗ്രാഫിക് ഡിസൈനിങ് എന്ന കരിയറിലേക്കെത്തിപ്പെടാന്‍ കൃത്യമായ ഒരു കോഴ്‌സ് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. വരയും കലയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (BFA) കോഴ്‌സ് കഴിഞ്ഞവരാണ് ഗ്രാഫിക് ഡിസൈനിങ് രംഗത്തേക്ക് പ്രധാനമായും തിരിയുന്നത്.
കഴിവ് തെളിയിച്ച മിക്ക ഗ്രാഫിക് ഡിസൈനര്‍മാരും ബി.എഫ്.എ. കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. അനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സ് പാസായവരും ഈ രംഗത്ത് സജീവമായുണ്ട്.
ഇതിനൊക്കെ പുറമെ വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും ഗ്രാഫിക് ഡിസൈനര്‍മാരാകാവുന്നതാണ്. ഗ്രാഫിക് ഡിസൈനിങ് എന്ന പേരില്‍ തന്നെ കോഴ്‌സ് നടത്തുന്ന ചില സ്ഥാപനങ്ങളുമുണ്ട്.
ഈ പറഞ്ഞ കോഴ്‌സുകളൊന്നും പഠിക്കാതെ തന്നെ ഗ്രാഫിക് ഡിസൈനിങ് ചെയ്യുന്ന എത്രയോ പേരെ നമ്മുടെ നാട്ടിലെ പരസ്യസ്ഥാപനങ്ങളിലും ഡി.ടി.പി. സെന്ററുകളിലുമൊക്കെ കാണാനാകും.
കനമല്ല തലയ്ക്കുള്ളിലുളള കലാബോധവും അഭിരുചിയുമാണ് ഗ്രാഫിക് ഡിസൈനര്‍മാരുടെ നിലവാരം നിര്‍ണയിക്കുന്നതെന്ന് വ്യക്തം.
ഗ്രാഫിക് ഡിസൈനിങ് മേഖലയില്‍ ശോഭിക്കണമെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട പല കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ പാക്കേജുകളുമുണ്ട്. ഫോട്ടോഷോപ്പും ഇല്ലസ്‌ട്രേറ്ററുമാണ് ഇവയില്‍ ഏറ്റവും പ്രധാനം. അഡോബ് ക്രിയേറ്റീവ് സ്യൂട്ട്, കോറല്‍ഡ്രോ ഗ്രാഫിക്‌സ് സ്യൂട്ട് എന്നിവയും അറിഞ്ഞിരിക്കണം.
പേജ് ലേ ഔട്ടിനായി ഇന്‍ഡിസൈന്‍, കോറല്‍ഡ്രോ, ക്വാര്‍ക്ക് എക്‌സ്പ്രസ് എന്നിവയും ഉപയോഗിക്കാന്‍ ശീലിക്കേണ്ടതുണ്ട്. പ്രിന്റിങിന്റെയും വെബ് പ്രോഗ്രാമിങിന്‍െയുമെല്ലാം അടിസ്ഥാനപാഠങ്ങള്‍ ഗ്രാഫിക് ഡിസൈനര്‍ മനസിലാക്കിവെക്കണം.
എവിടെ പഠിക്കാം
അഹമ്മദാബാദിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ (NID) ആണ് ഈ രംഗത്തെ രാജ്യത്തെ മുന്‍നിര സ്ഥാപനം. ഗ്രാജ്വേറ്റ് തലത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുമായി രണ്ട് ഡിസൈനിങ് കോഴ്‌സുകള്‍ എന്‍.ഐ.ഡിയില്‍ നടക്കുന്നുണ്ട്.
പരമ്പരാഗത രൂപകല്പനാരീതിയും എറ്റവും പുതിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിങ് സംവിധാനങ്ങളും കൂടി സമന്വയിപ്പിച്ചുള്ള എന്‍.ഐ.ഡിയിലെ കോഴ്‌സുകള്‍ക്ക് രാജ്യാന്തര നിലവാരമുണ്ട്. ദേശീയതലത്തില്‍ നടത്തുന്ന മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍.
ഗുവാഹട്ടി ഐ.ഐ.ടിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസൈന്‍, ബോംബെ ഐ.ഐ.ടിയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കോഴ്‌സുകളും മികവിന് പേരുകേട്ടതാണ്. കാണ്‍പുര്‍ ഐ.ഐ.ടിയിലും ഡിസൈനിങ് കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.
പൂനെയിലെ സിംബിയോസിസ് സെന്റര്‍ ഓഫ് ഡിസൈന്‍, ബാംഗ്ലൂരിലെ സൃഷ്ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍, മുംബൈയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍, ന്യൂഡല്‍ഹിയിലെ എ.പി.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ചെന്നൈ ലൊയോളോ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വിഷ്വല്‍ എജ്യുക്കേഷന്‍ എന്നിവയാണ് ഈ രംഗത്ത് മികച്ച രീതിയില്‍ കോഴ്‌സ് നടത്തുന്ന രാജ്യത്തെ മറ്റ് പ്രധാന സ്ഥാപനങ്ങള്‍.
പഠനം കേരളത്തില്‍
കേരളത്തില്‍ കേരള, എം.ജി., കാലിക്കറ്റ്, ശ്രീശങ്കരാചാര്യ സര്‍വകലാശാലകളില്‍ ബി.എഫ്.എ. പഠനത്തിനുള്ള സൗകര്യമുണ്ട്. കേരള സര്‍വകലാശാലയിലെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ., എം.എഫ്.എ. കോഴ്‌സുകള്‍ നടത്തുന്നു. മാവേലിക്കരയിലെ രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലും ബി.എഫ്.എ. കോഴ്‌സുണ്ട്.
എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃപ്പൂണിത്തുറയിലുള്ള ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. വിഷ്വല്‍ ആര്‍ട്‌സ് (4 വര്‍ഷം), എം.എഫ്.എ. (2 വര്‍ഷം) എന്നീ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃശ്ശൂരിലുള്ള ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബി.എഫ്.എ. കോഴ്‌സ് ചെയ്യാന്‍ സൗകര്യമുണ്ട്. ചങ്ങനാശ്ശേരിയിലെ സെന്റ്‌ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവ പഠിപ്പിക്കുന്നു.
ഇതിന് പുറമെ പല സ്വകാര്യസ്ഥാപനങ്ങളും ഗ്രാഫിക്‌സ് ഡിസൈനിങ് കോഴ്‌സ് നടത്തുന്നുണ്ട്.