കേരള സർവകലാശാല ബിരുദ പ്രവേശനം: മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാലയുടെ 2024 -25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെൻ്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോളേജ് പ്രവേശനം 25.06.2024 മുതൽ 28.06.2024 വരെയാണ്. വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം ഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ സർവകലാശാല അഡ്മിഷൻ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളെയും രണ്ടാം ഘട്ടത്തിൽ താത്കാലിക അഡ്മിഷനോ സ്ഥിര അഡ്മിഷനോ എടുക്കാത്ത വിദ്യാർത്ഥികളെയും (ഡിഫെക്ട് മെമ്മോ വന്ന കുട്ടികൾ ഒഴികെ) മൂന്നാം ഘട്ട അലോട്ട്മെന്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള പക്ഷം, മൂന്നാം അലോട്‌മെൻ്റിന് ശേഷം വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പുതിയ ഓപ്ഷൻ നൽകി അലോട്ട്മെന്റ്റ് പ്രക്രിയയിൽ തുടരാവുന്നതാണ്.
ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ അലോട്ട്മെൻ്റ് ലഭിച്ച് സർവകലാശാല അഡ്മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഫീസ് അടക്കേണ്ടതില്ല. മൂന്നാം ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ്റ് ലഭിച്ചവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് “Click here for Payment’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി സർവകലാശാല അഡ്മിഷൻ ഫീസ് അടച്ച് അലോട്ട്മെൻ്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി,അഡ്മിഷൻ തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ തന്നെ കോളേജിൽ ഹാജരാകേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്റ്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെൻ്റ് ലഭിച്ച കോളേജിൽ ഹാജരായി നിർബന്ധമായും അഡ്‌മിഷൻ എടുക്കേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥികൾക്ക്, മുൻ അഡ്‌മിഷനിൽ തുടരാൻ സാധിക്കുന്നതല്ല. ജൂൺ 28 ന് മുൻപ് പുതിയ അലോട്ട്മെന്റ് ലഭിച്ച
കോളേജിൽ അഡ്‌മിഷൻ എടുക്കാത്ത പക്ഷം അലോട്ട്മെന്റ് നഷ്ടമാകുന്നതാണ്. താൽക്കാലിക അഡ്‌മിഷൻ ( Temporary Admission ) സൗകര്യം മൂന്നാം ഘട്ട അലോട്ട്മെൻ്റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര അഡ്‌മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. ഈ ഘട്ടത്തിൽ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ (ടി സി ഉൾപ്പെടെ) കോളേജിൽ സമർപ്പിക്കേണ്ടതാണ്.
നിലവിൽ താൽക്കാലിക (Temporary) അഡ്‌മിഷൻ എടുത്തവർ മൂന്നാം ഘട്ട അലോട്ട്മെന്റിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളേജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര അഡ്‌മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. ഇപ്രകാരം താൽക്കാലിക അഡ്മിഷൻ എടുത്തവർക്ക് സ്ഥിര അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി ജൂൺ 28 ആണ്. അതിനുള്ളിൽ സ്ഥിര അഡ്‌മിഷൻ എടുക്കാത്തവരുടെ അഡ്‌മിഷൻ നഷ്ടപ്പെടുന്നതാണ്. ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത വിദ്യാർഥികൾ ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ, പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റോ അഡ്‌മിഷൻ സമയത്ത് ഹാജരാക്കിയാൽ മതിയാകും. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.
Summary: Kerala University UG Admission 2024 third allotment published.
Follow our WhatsApp Channel for instant updates: Join Here