ഉയരങ്ങളിലെത്താം ലിഫ്റ്റ് ടെക്നോളജിയിലൂടെ
വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് പോലും മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മേഖലയാണ് ലിഫ്റ്റ് ടെക്നോളജി. നാട്ടിന്‍പുറങ്ങളില്‍ പോലും വമ്പന്‍ കെട്ടിടങ്ങളും ഷോപ്പിങ് സെന്ററുകളും ഉയരുന്ന നമ്മുടെ നാട്ടില്‍ ലിഫ്റ്റ് സംവിധാനം സാര്‍വത്രികമായിക്കഴിഞ്ഞു.
ലിഫ്റ്റ് സ്ഥാപിക്കലും പരിപാലിക്കലുമാണ് ലിഫ്റ്റ് ടെക്നീഷ്യന്റെ ജോലി. തകരാറുകള്‍ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് അവ പരിഹരിക്കേണ്ടതും ലിഫ്റ്റ് ടെക്നീഷ്യന്റെ ഉത്തരവാദിത്തം തന്നെ.
ലിഫ്റ്റ് ടെക്നോളജി
യൂണിറ്റുകള്‍ സ്ഥാപിക്കുക, അതിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക എന്നതൊക്കെയാണ് ലിഫ്റ്റ് ടെക്നോളജിസ്റ്റുകളുടെ പ്രധാനജോലി. ശരിക്കും പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ അപകടസാധ്യതയുള്ളൊരു യന്ത്രമാണ് ലിഫ്റ്റ്.
അതുകൊണ്ടുന്നെ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം ആഴ്ചതോറും പരിശോധിക്കേണ്ടതും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. യന്ത്രഭാഗങ്ങളില്‍ ഓയില്‍ ഒഴിക്കുക, ഗ്രീസ് പുരട്ടുക, തകരറായ ഭാഗങ്ങള്‍ മാറ്റുക എന്നതൊക്കെ ലിഫ്റ്റ് ടെക്നോളജിസ്റ്റുകളുടെ ജോലിയില്‍ പെടുന്നു.
എത്ര നന്നായി പ്രവര്‍ത്തിക്കുന്ന ലിഫ്റ്റാണെങ്കിലും ചില സമയങ്ങളില്‍ അവിചാരിതമായി അത് പണിമുടക്കും. നിറയെ യാത്രക്കാരുമായി മുകളിലേക്കോ താഴേക്കോ വരുന്ന സമയത്താകും ഈ മിന്നല്‍ പണിമുടക്ക്.
ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി സ്ഥലത്തെത്തി ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കേണ്ട ഉത്തരവാദിത്തവും ലിഫ്റ്റ് ടെക്നോളജിസ്റ്റുകള്‍ക്കാണ്. വിദേശരാജ്യങ്ങളിലെ വമ്പന്‍ കെട്ടിടങ്ങളിലൊക്കെ 24 മണിക്കൂറും ലിഫ്റ്റ് ടെക്നോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്.
57 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ നിരവധി ലിഫ്റ്റ് ടെക്നോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഗള്‍ഫിലെ മറ്റേത് മേഖലയെയും പോലെ ഈ രംഗത്തും ആയിരക്കണക്കിന് മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട്.
യോഗ്യത
ലിഫ്റ്റ് ടെക്നോളജിസ്റ് ആവാൻ ആഗ്രഹിക്കുന്നവർക്ക് പരമ്പരാഗത വിദ്യാഭ്യാസ യോഗ്യതകൾക്കപ്പുറം ബഹുമുഖ കഴിവുകൾ ആവശ്യമാണ്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, ഹൈഡ്രോളിക്സ് എന്നിവയിൽ പ്രാവീണ്യം നേടുന്നതിന് പുറമെ, ശാരീരിക ചാതുര്യവും പരിമിതമായ സമയപരിധിക്കുള്ളിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള കഴിവും ഈ ജോലി ആവശ്യപ്പെടുന്നു.
ആധുനിക ലിഫ്റ്റുകൾ കമ്പ്യൂട്ടർവൽക്കൃതമായതോടെ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ നിയന്ത്രിത മൈക്രോപ്രൊസസറുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ധാരണ അനിവാര്യമാണ്. പത്താം ക്ലാസ് യോഗ്യതയുള്ള ആര്‍ക്കും ലിഫ്റ്റ് ടെക്നോളജി കോഴ്സിന് ചേര്‍ന്ന് ഈ മേഖലയില്‍ ജോലി തരപ്പെടുത്താനാകും. ലിഫ്റ്റ് ടെക്നോളജിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്സിന് ചേരാന്‍ എസ്. എസ്. എല്‍. സി യാണ് അടിസ്ഥാന യോഗ്യത.
എവിടെ പഠിക്കണം
സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ലിഫ്റ്റ് ടെക്നോളജി കോഴ്സുകള്‍ കാര്യമായി നടക്കുന്നത്. കോഴ്സിന് ചേരാന്‍ പ്രത്യേക പ്രവേശന പരീക്ഷയോ മാര്‍ക്ക് നിബന്ധനയോ ഒന്നുമില്ല.
എസ്. എസ്. എല്‍. സി. കഷ്ടിച്ച് കടന്നുകൂടിയവര്‍ക്ക് പോലും ഡിപ്ലോമയ്ക്ക് സീറ്റ് ഉറപ്പാണെന്നര്‍ഥം. ആറു മാസം വീതമുള്ള നാല് സെമസ്റ്ററുകളാകും ഡിപ്ലോമയ്ക്ക് പഠിക്കാനുണ്ടാകുക.
സംസ്ഥാനസര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും (ITI) ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്ററുകളിലും ലിഫ്റ്റ് ടെക്നോളജി കോഴ്സുകള്‍ നടക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാറിന്റെ കീഴിലുളള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് (DGET), ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പ് എന്നിവയുടെ നിബന്ധനകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിഫ്റ്റ് ടെക്നോളജി (NILT) യാണ് ലിഫ്റ്റ് ടെക്നോളജി കോഴ്സ് നടത്തുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ സ്ഥാപനം. എന്‍.ഐ.എല്‍.ടി.യുടെ ഫ്രാഞ്ചൈസികള്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എലിവേറ്റര്‍ ആന്‍ഡ് ലിഫ്റ്റ് ടെക്നോളജി, മധുരൈയിലെ സുദര്-സണ്‍ ലിഫ്റ്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിഫ്റ്റ് ടെക്നോളജി എന്നിവിടങ്ങളിലും ഈ കോഴ്സ് നടക്കുന്നു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണൽ ഇന്സ്ടിട്യൂറ്റ് ഓഫ് ഫയർ ആൻഡ് സേഫ്റ്റി (NIFE) അക്കാദമിയാണ് ലിഫ്റ്റ് ടെക്നോളജി കോഴ്സ് നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനം. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ എന്‍.ഐ.എഫ്.ഇ. ശാഖകളുണ്ടിപ്പോള്‍.
സര്‍ക്കാര്‍ ഐ.ടി.ഐകളിലും ലിഫ്റ്റ് ടെക്നോളജി കോഴ്സുകള്‍ ആരംഭിച്ചുതുടങ്ങിയിട്ടുണ്ട്. അരീക്കോട് ഗവ. ഐ.ടി.ഐയില്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ കോഴ്സ് നടക്കുന്നുണ്ട്.
രണ്ട് വര്‍ഷം കാലാവധിയുള്ള കോഴ്സിന്റെ ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പോയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പഠനം നടത്തിയിരുന്നത്.
കൊല്ലം ചന്ദനത്തോപ്പിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐയിലും ലിഫ്റ്റ് ടെക്നോളജി ഡിപ്ലോമ കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്.
കോഴിക്കോട് മാളിക്കടവിലുള്ള ഗവ. ഐ. ടി. ഐ ഐ. എം. സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ ലിഫ്റ്റ് ടെക്നോളജി കോഴ്സ് ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്തെ മറ്റുചില സര്‍ക്കാര്‍ ഐ. ടി. ഐ കളും ലിഫ്റ്റ് ടെക്നോളജിയില്‍ ഡിപ്ലോമ കോഴ്സ് തുടങ്ങാനുള്ള മുന്നൊരുക്കങ്ങളിലാണ്.
സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ ഐ. ടി. ഐ കളില്‍ പ്രവേശനം നേടുന്നതാണ് നല്ലത്. തൊഴില്‍ സാധ്യതയും മികച്ച പഠനാന്തരീക്ഷവുമെല്ലാം സര്‍ക്കാര്‍ ഐ. ടി. ഐ കളിലാണുള്ളത്.
തൊഴിലവസരങ്ങള്‍
ലിഫ്റ്റ് ടെക്നോളജി കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇനി വരാനിരിക്കുന്നത് നല്ല കാലമാണ്. രാജ്യത്തിനകത്തും പുറത്തുമായി ഇഷ്ടം പോലെ തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു.
നൂറ് സ്മാര്‍ട്സിറ്റികള്‍ വികസിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ലിഫ്റ്റ് വ്യവസായത്തിന് തന്നെ പുത്തനുണര്‍വ് പകര്‍ന്നിരിക്കുന്ന സമയമാണിപ്പോള്‍. 2014ല്‍ മാത്രം 38,000 ലിഫ്റ്റ് യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിഞ്ഞുവെന്നാണ് കണക്കുകള്‍.
വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയെങ്കിലുമാകുമെന്നുറപ്പ്. ലിഫ്റ്റുകള്‍ കൂടുതല്‍ വിറ്റഴിയുന്നതിനനുസരിച്ച് ലിഫ്റ്റ് മെക്കാനിക്കുകളുടെയും സാധ്യത വര്‍ധിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് നിലവില്‍ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.