November 22, 2024
Explore

പോളിടെക്നിക് കോളേജുകൾ: സാങ്കേതിക വിജ്ഞാനങ്ങൾ പകർന്നു തരുന്ന കലാലയങ്ങൾ

  • October 21, 2023
  • 1 min read
പോളിടെക്നിക് കോളേജുകൾ:  സാങ്കേതിക വിജ്ഞാനങ്ങൾ പകർന്നു  തരുന്ന കലാലയങ്ങൾ
Share Now:

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു, പിന്നെ ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകൾ തിരഞ്ഞെടുത്ത് മുന്നേറുന്നതിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയിൽ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്നിക് കോളേജുകളിലെ എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകൾ.

പ്രായോഗിക പരിജ്ഞാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പോളിടെക്‌നിക്കുകളിലെ ബിരുദത്തിന് ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാർഥികൾ മറന്നുപോകുന്നുണ്ട്.

വ്യക്തിഗത വൈദഗ്ദ്ധ്യത്തിന് പ്രാധാന്യം നൽകുന്ന വർത്തമാന കാലത്ത് പോളിടെക്‌നിക്‌ പോലുള്ള സ്ഥാപനങ്ങളുടെ ആവശ്യകത കൂടുതലാണ്.

കേരള സർക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകൾക്ക് പുറമെ ഇന്ത്യൻ റെയിൽവേ, ബി.എച് .ഇ .എൽ, എൻ.ടി.പി.സി,
പവർഗ്രിഡ്, ഇന്ത്യൻ ഓയിൽ, ഗെയിൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഒ.എൻ.ജി.സി, കോൾ ഇന്ത്യ, എച് .പി.സി.എൽ, ബി.എസ് .എൻ .എൽ,
ഐടി കമ്പനികൾ, നിർമാണ, ഉദ്പാദന, മെയിന്റനൻസ് കമ്പനികൾ തുടങ്ങിയ സർക്കാർ, സ്വകാര്യ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ആണ് പോളിടെക്‌നിക്കുകാർക് ഉള്ളത്.

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റെഷൻ എന്നിവയിൽ ബിരുദം നേടിയ ശേഷം പ്രായോഗിക പരിശീലനം നേടിയാൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തൊഴിൽ സാധ്യതകൾ കൂടുതലായി ലഭിക്കും.

വിവിധ പഠനശാഖകൾ തിരഞ്ഞെടുത്ത് കോഴ്സ് പൂർത്തിയാക്കുന്ന മുറക്ക് അനുയോജ്യമായ ഹ്രസ്വകാല കോഴ്സുകളും മറ്റു പരിശീലങ്ങളും നേടി തൊഴിലന്വേഷണത്തിന് വേണ്ട മുന്നൊരുക്കം നടത്താൻ പ്രത്യേകം ജാഗ്രത വേണം.

നേരിട്ട് തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പകരം നിബന്ധനകൾക്ക് വിധേയമായി എൻജിനീയറിങ് ബിരുദ കോഴ്സുകളിലെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ലാറ്ററൽ എന്ററികളുമുണ്ട്.

അസോസിയേറ്റ് മെമ്പർ ഓഫ് ദി ഇസ്നറ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (എഎംഐഇ) എന്നിവ വഴി ഉയർന്ന യോഗ്യതകൾ നേടി കുറേക്കൂടി മികച്ച ജോലികൾ നേടാനും ശ്രമിക്കാം.

പത്താം തരം കഴിഞ്ഞവർക്ക് സർക്കാർ, സർക്കാർ നിയന്ത്രിത, എയിഡഡ്, സ്വാശ്രയ മേഖലകളിലായി നിലവിലുള്ള പോളിടെക്നിക്ക് കോളേജുകളിൽ Civil, Mechanical, Electronics, Electrical and electronics, Computer science, Instrumentation, Automobile, Computer hardware, Chemical, Biomedical, Textile technology, Polymer, Computer application and business management, Architecture തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലായാണ് പഠനാവസരമുള്ളത്.

കേൾവി പരിമിതരായ കുട്ടികൾക്ക് മാത്രമായി കമ്പ്യൂട്ടർ സയൻസ്, സിവിൽ എഞ്ചിനീയിറിംഗ് എന്നിവ പഠിക്കാൻ അവസരമുള്ള പോളിടെക്നിക്കുകളുമുണ്ട്.

2021-ൽ, Robotics, Cloud computing, Cyber forensics, Renewable energy തുടങ്ങിയ പുതിയ തലമുറ കോഴ്സുകൾ ഇന്ത്യയിലെ പോളിടെക്നിക്ക് കോളേജുകളിൽ ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പഠനത്തിനു പുറമേ, ചില പോളിടെക്നിക്ക് കോളേജുകളിൽ കൊമേർഷ്യൽ പ്രാക്ടീസസിൽ ഡിപ്ലോമ പഠനവും ലഭ്യമാണ്.

തിരുവനന്തപുരം, കായംകുളം, എറണാകുളം, കോട്ടക്കൽ, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ എന്നിവിടങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള പോളിടെക്നിക്കുകളുണ്ട്.

സാങ്കേതിക വിഭാഗത്തിലെ ഓരോ പ്രോഗ്രാമിലെയും 10 ശതമാനം സീറ്റുകളിൽ ലാറ്ററൽ എൻട്രി വഴി നിശ്ചിത യോഗ്യതയുള്ളവർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാവുന്നതാണ്.

ഇതിനായി 50 ശതമാനം മാർക്കോടെ ഇംഗ്ലീഷ്, മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച പ്ലസ്ടു/ വി.എച്.എസ് .ഇ, എൻ.സി.വി.ടി, എസ്.സി.വി.ടി/ കെ.ജി.സി.ഇ എന്നിവയിലേതെങ്കിലുമൊന്ന് പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.

പോളിടെക്നിക്കുകളുമായി ബന്ധപ്പെട്ടു രണ്ട് തരം ലാറ്ററൽ എൻട്രിസ്കീമുകളുണ്ട്

  1. ഒന്ന് പ്ലസ്ടു/ വി.എച്.എസ് .ഇ ,എൻ.സി.വി.ടി, എസ്.സി.വി.ടി/ കെ.ജി.സി.ഇ കഴിഞ്ഞവർക്ക് നേരിട്ട് പോളിടെക്നിക്കുകളിലെ രണ്ടാം വർഷ പ്രവേശനം അനുവദിക്കുന്ന സ്‌കീം.
  2. രണ്ടാമത്തേത് പോളിടെക്നിക്ക് കോഴ്സ്സിലെ പഠനം കഴിഞ്ഞാൽ ബി.ഇ/ബി.ടെക് പ്രോഗ്രാമിലെ പ്രവേശനത്തിനായുള്ള ലാറ്ററൽ എൻട്രി സ്‌കീം.

എല്ലാ ബ്രാഞ്ചുകളും ഒരേ നിലവാരത്തിലുള്ള തൊഴിൽ സാധ്യതകളല്ല നൽകുന്നതെന്ന തിരിച്ചറിവോടെ അവരവരുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും നോക്കി വിവേകത്തോടെ വേണം പഠനശാഖ തിരഞ്ഞെടുക്കാൻ.

ഓരോ ബ്രാഞ്ചും പഠിച്ചാലുള്ള തൊഴിലവസരങ്ങളും തുടർ പഠന സാധ്യതകളും മനസ്സിലാക്കേണ്ടത്യാവശ്യമാണ്. ഉദാഹരണത്തിന് ആർക്കിടെക്ച്ചർ ശാഖ തിരഞ്ഞെടുത്താൽ ലാറ്ററൽ എൻട്രി വഴി ബി.ആർക്ക് കോഴ്സിന് പ്രവേശനം നേടാനാവില്ല എന്നതാദ്യമേ അറിയണം.

സൈദ്ധാന്തികവും പ്രായോഗികവുമായ പഠനമേഖലകളിൽ അവഗാഹം നേടുന്നതിനോടൊപ്പം ജോലി നേടാനാവശ്യമായ മത്സരപരീക്ഷകളിലെ മികവ് പുലർത്താനുള്ള തയ്യാറെടുപ്പ്, ആശയ വിനിമയ ശേഷി, ഇംഗ്ളീഷടക്കമുള്ള മറ്റു ഭാഷകളിലെ പരിജ്ഞാനം, നേതൃഗുണം എന്നിവയും പ്രധാനമാണെന്നത് മറക്കരുത്.

Share Now: