പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നൽകുന്നു.അപേക്ഷിക്കേണ്ട അവസാന തീയ്യതി സെപ്തംബർ 30.
വിദ്യാർഥികൾ അതത് സ്‌കൂളുകളിൽ അപേക്ഷകൾ നൽകണം. പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌ക്കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ egrantz 3.0 പോര്‍ട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
- സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC/EWS (Economically Backward Classes Economically Weaker Sections – പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. OEC വിദ്യാഭ്യാസാനുകൂല്യത്തിന് പരിഗണിക്കുന്ന സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ടി മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- സമാന രീതിയിലുള്ള സ്കോളർഷിപ്പ് പദ്ധതി നിലവിലുള്ളതിനാൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷാഫോറം www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിലും എല്ലാ സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്).
- മാനദണ്ഡങ്ങൾ പ്രകാരം അർഹരായ വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് ജൂലൈ 15 നകം സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
- കുടുംബ വാർഷിക വരുമാന പരിധി 2,50,000/- രൂപ. ആദ്യമായി അപേക്ഷിക്കുന്നവർ ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. റിന്യൂവലിന് വരുമാന സർട്ടിഫിക്കറ്റ്
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല. - സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിൽ വന്നു താമസിച്ചിട്ടുള്ളവരുടെ കാര്യത്തിൽ, കേരളത്തിലെ റവന്യൂ അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
- അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റേയും കുറഞ്ഞ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത്.
- തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഗുണഭോക്താക്കളുടെ ആധാറുമായി സീഡ് ചെയ്ത ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക ട്രാൻസ്ഫർ ചെയ്യുന്നത്. ആധാർ ലിങ്കിങ് & ആധാർ സീഡിങ് എന്നിവ രണ്ട് വ്യത്യസ്ത നടപടി ക്രമങ്ങളാണ്. ബാങ്ക് അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്തു എന്ന കാരണത്താൽ അത് ആധാർ സീഡഡ് ആവണമെന്നില്ല. ആയതിനാൽ ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ബാങ്ക് ശാഖയെ സമീപിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ അപൂർണ്ണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0484 – 2983130
Summary: OBC and EBC (economically backward sections of the general category) students studying in 9th and 10th grades in government or government-aided schools are eligible for the pre-matric scholarship. The last date to apply is September 30.




