എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ്: പോളിടെക്‌നിക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ്’ അപേക്ഷകൾ ക്ഷണിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുന്നത്. സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രധാന യോഗ്യതകളും നിബന്ധനകളും
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും.
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
- നിലവിൽ രണ്ടാം വർഷമോ മൂന്നാം വർഷമോ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- ഈ സ്‌കോളർഷിപ്പ് ഒരാൾക്ക് കോഴ്സ് കാലയളവിൽ ഒറ്റത്തവണ മാത്രമേ ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
- വിദ്യാർത്ഥിനികൾക്കാണ് മുൻഗണനയെങ്കിലും, നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്ത പക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് രീതി
കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർ www.mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം, അതിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ അതത് സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 0471-2300523, 0471-2300524, 0471-2302090.
Summary: The Kerala Minority Welfare Department is inviting applications for the APJ Abdul Kalam Scholarship (2025-26) from minority students pursuing three-year Diploma courses in government, aided, or self-financing polytechnics. Eligible students will receive a grant of ₹6,000. Selection is based on family income and merit. The last date to apply online via the official portal is January 9.




