പ്ലസ് വൺ പ്രവേശനം 2025: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം 2025 ജൂൺ 3 രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results‘ ലിങ്ക് വഴി അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് ലെറ്ററും പ്രവേശന നടപടികളും
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രസ്തുത പേജിൽ നിന്ന് രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത് പ്രവേശനത്തിനായി രക്ഷിതാവിനോടൊപ്പം ഹാജരാകണം. പ്രവേശന സമയത്ത് സ്കൂളിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുത്ത് നൽകുന്നതാണ്.
പ്രധാന ഫീസ് നിർദ്ദേശങ്ങൾ
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം സ്കൂളിൽ അടയ്ക്കാവുന്നതാണ്. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.
മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.
താൽക്കാലിക പ്രവേശനത്തിന് ഫീസ് ആവശ്യമില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.
അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും നിർദ്ദിഷ്ട സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
പ്രവേശനത്തിന് ആവശ്യമായ രേഖകൾ
അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വെച്ചിരിക്കണം.
യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്ന് ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്.
പ്രവേശനത്തിനായി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ/ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിന്റെ സാധുത ഉറപ്പാക്കുന്നതാണ്. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.
ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ വിവരങ്ങൾക്കും ആവശ്യമായ സർട്ടിഫിക്കറ്റുകൾക്ക് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കണം.
Summary
The first allotment list for Plus One Single Window Admission 2025 in Kerala has been published, with admissions starting on June 3rd. Students can check results via the ‘First Allot Results‘ link in their candidate login. Key instructions include presenting the allotment letter and fee payment guidelines (temporary vs. permanent admission).




