BASLP: ശബ്ദത്തിനും ഭാഷയ്ക്കും ഒരു പഠനം
ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) എന്നത് ശ്രവണ, സംസാര സംവിധാനങ്ങൾ, അവയിലെ തകരാറുകൾ, പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനമാണ്. ആശയവിനിമയ ബുദ്ധിമുട്ടുകൾ ഉള്ളവരുമായി ഫലപ്രദമായി ഇടപെടാൻ കഴിവുള്ളവരെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
നാല് വർഷത്തെ കോഴ്സിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. പഠനം പൂർത്തിയാക്കിയ ശേഷം Rehabilitation Council of India (RCI) ൽ രജിസ്റ്റർ ചെയ്യണം. ക്ഷമ, സഹാനുഭൂതി, സേവനമനസ്ഥിതി തുടങ്ങിയ ഗുണങ്ങളുള്ളവർക്ക് ഈ മേഖലയിൽ ശോഭിക്കാൻ കഴിയും. ദേശീയ തലത്തിൽ നിരവധി സ്ഥാപനങ്ങളിൽ BASLP പഠനത്തിന് സൗകര്യമുണ്ട്.
യോഗ്യത
ബി.എ.എസ്.എൽ.പി. നാല് വർഷത്തെ പ്രോഗ്രാമാണ്, അതിൽ ഒരു വർഷം ഇന്റേൺഷിപ്പാണ്. 80 സീറ്റുകളുണ്ട്. പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവയിൽ മൂന്ന് വിഷയങ്ങളെങ്കിലും പഠിച്ച് 50% മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് 45% മാർക്ക് മതി.
പരീക്ഷ
മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (AIISH) ദേശീയതലത്തിലെ പ്രശസ്തമായ BASLP സ്ഥാപനമാണ്. 2024-25 പ്രവേശനത്തിന് മെയ് 15നകം http://www.aiishmysore.in വഴി അപേക്ഷിക്കാം. മെയ് 28ന് നടക്കുന്ന 150 മിനിറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽ നിന്ന് 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
കോഴിക്കോട്, തൃശ്ശൂർ ഉൾപ്പെടെ 13 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ് 1625 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1225 രൂപയുമാണ്. മെയ് 21 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം, സ്റ്റൈപ്പന്റോടെ പഠിക്കാം.
സ്ഥാപനങ്ങൾ
- അലിയാവർ ജംഗ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസേബിലിറ്റീസ് (AYJNISHD)(സെക്കന്തരാബാദ്, മുംബൈ,കൊൽക്കത്ത ,അഹമ്മദാബാദ് ,നോയ്ഡ).
- സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി റീഹാബിലിറ്റേഷൻ ട്രെയിനിങ് & റിസർച് (SVNIRTAR) കട്ടക്ക്.
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് (NIEPMD) തമിഴ്നാട്.
- കോമ്പസിറ്റ് റീജനൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ & എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ് (CRCSRE) ഗുവാഹത്തി.
- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് (PGIMER) ചണ്ഡീഗഡ്.
- ക്രിസ്ത്യൻ മെഡിക്കൽ കോളജ് വെല്ലൂർ.
- ഡോ: എസ്. ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ബെംഗളൂരു.
- മണിപ്പാൽ കോളജ് ഓഫ് ഹെൽത്ത് പ്രൊഫഷൻസ് ഹോളി ക്രോസ്സ് കോളജ്, ട്രിച്ചി.
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) തിരുവനന്തപുരം.
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) ഷൊർണ്ണൂർ.
- ബേബി മെമ്മോറിയൽ കോളജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് കോഴിക്കോട്
- മാർത്തോമ്മ കോളജ് കാസർകോട്.
- എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ കോളജ് കോഴിക്കോട്.
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കൊച്ചി.
അവസരങ്ങൾ
ബി.എ.എസ്.എൽ.പി. ബിരുദധാരികൾക്ക് ഓഡിയോളജിസ്റ്റുകളായും സ്പീച്ച് തെറാപ്പിസ്റ്റുകളായും പ്രവർത്തിക്കാം. ആശുപത്രികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ശ്രവണോപകരണ നിർമ്മാണശാലകൾ, സർക്കാർ-സർക്കാരിതര ഏജൻസികൾ, ഗവേഷണ കേന്ദ്രങ്ങൾ, ചൈൽഡ് ഗൈഡൻസ് സെന്ററുകൾ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ട്. കൂടാതെ, യു.കെ., കാനഡ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിലും സ്വയംതൊഴിൽ സംരംഭങ്ങൾക്കും സാധ്യതകളുണ്ട്.




