പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ചു; പ്രവേശനം ജൂൺ 10, 11 തീയതികളിൽ
കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിനായുള്ള മെറിറ്റ് ക്വാട്ടയിലെ രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 2025 ജൂൺ 10 ന് രാവിലെ 10 മണി മുതൽ ജൂൺ 11 വൈകിട്ട് 5 മണി വരെ സ്കൂളുകളിൽ പ്രവേശനം നേടാവുന്നതാണ്.
അലോട്ട്മെന്റ് വിവരങ്ങൾ
അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ ‘Candidate Login-SWS ലെ Second Allot Results’ ലിങ്കിലൂടെ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ‘Second Allot Results’ എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
പ്രവേശന നടപടികൾ
വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമായ അലോട്ട്മെന്റ് ലെറ്റർ, അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
പ്രധാന തീയതികളും സമയവും
പ്രവേശനം ആരംഭിക്കുന്നത് : 2025 ജൂൺ 10, രാവിലെ 10 മണി
പ്രവേശനം അവസാനിക്കുന്നത് : 2025 ജൂൺ 11, വൈകിട്ട് 5 മണി
മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവേശനം
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ‘Candidate Login-MRS’ എന്നതിലൂടെ ലോഗിൻ ചെയ്ത് ‘Candidate Login’ലെ ‘Second Allot Results’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2025 ജൂൺ 10 ന് രാവിലെ 10 മണി മുതൽ ജൂൺ 11 വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ
രണ്ടാം അലോട്ട്മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷനും നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കാവുന്നതാണ്. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.
സപ്ലിമെന്ററി അലോട്ട്മെന്റ്
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലമോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്ക് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Summary
The second allotment results for Kerala’s Plus One admissions have been published. Students who received an allotment can secure admission in schools from 10 AM on June 10, 2025, until 5 PM on June 11, 2025. Results can be checked on www.hscap.kerala.gov.in. Admissions for Model Residential Schools and Community Quota are also ongoing. A supplementary allotment will be conducted after the third allotment for those who couldn’t apply or need to rectify errors in their applications.




