കേരളത്തിൽ പോളിടെക്നിക് പ്രവേശനപ്രക്രിയ എങ്ങനെ?
കേരളത്തിൽ പോളിടെക്നിക് പ്രവേശനം ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പാണ് നടത്തുന്നത്. www.polyadmission.org വഴിയാണ് നടപടികൾ. ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ്, ഗവൺമെന്റ് കൺട്രോൾഡ് സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് എന്നീ വിഭാഗം കോളേജുകളിലാണ് പ്രവേശനം.
ആറു സെമസ്റ്റർ ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകളാണുള്ളത്. രണ്ട് സ്ട്രീമുകളിൽ പ്രോഗ്രാം നടത്തുന്നു. സ്ട്രീം 1-ൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകളും സ്ട്രീം 2-ൽ കൊമേഴ്ഷ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്.
എൻജിനിയറിങ് ആൻഡ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകൾ (As per the year 2021):
- ആർക്കിടെക്ചർ
- ഓട്ടോമൊബൈൽ
- ബയോ മെഡിക്കൽ
- കെമിക്കൽ
- സിവിൽ
- കംപ്യൂട്ടർ
- കംപ്യൂട്ടർ ഹാർഡ്‌വേർ
- ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്
- ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
- ഇലക്‌ട്രോണിക്സ്
- ഇൻഫർമേഷൻ ടെക്നോളജി
- ഇൻസ്ട്രുമെന്റേഷൻ
- മെക്കാനിക്കൽ
- ടൂൾ ആൻഡ് ഡൈ
- മാനുഫാക്ചറിങ് ടെക്നോളജി
- പോളിമർ ടെക്നോളജി
- പ്രിൻറിങ് ടെക്നോളജി
- വുഡ് ആൻഡ് പേപ്പർ ടെക്നോളജി
- ടെക്‌സ്റ്റൈൽ ടെക്നോളജി
തുടങ്ങിയ ശാഖകൾ ലഭ്യമാണ്. കൂടാതെ, ഹിയറിങ് ഇംപയേർഡ് വിഭാഗക്കാർക്കായി സിവിൽ, കംപ്യൂട്ടർ എന്നീ ബ്രാഞ്ചുകളും ഉണ്ട്.
2021-ൽ ആരംഭിച്ച പുതിയ ബ്രാഞ്ചുകൾ:
◾ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്
◾ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ബിഗ് ഡേറ്റാ
◾ കമ്യൂണിക്കേഷൻ ആൻഡ് കംപ്യൂട്ടർ നെറ്റ്‌വർക്കിങ്
◾ സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി
◾ റിന്യൂവബിൾ എനർജി
◾റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ.
ലഭ്യമായ പോളിടെക്നിക് കോളേജുകൾ, ഓരോന്നിലുമുള്ള പ്രോഗ്രാമുകൾ തുടങ്ങിയ വിവരങ്ങൾ www.polyadmission.org -ലെ അനക്‌സറുകളിൽ ലഭിക്കും. പ്രവേശനവ്യവസ്ഥകൾ വിശദീകരിക്കുന്ന പ്രോെസ്പക്ടസും ഈ സൈറ്റിൽ കിട്ടും.
എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ഉന്നതപഠന അർഹതയോടെ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാകോഴ്സിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് രണ്ടു സ്ട്രീമുകളിലേക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് യോഗ്യതാ പ്രോഗ്രാം ജയിച്ചവർക്ക്, സ്ട്രീം 2-ലേക്ക് അപേക്ഷിക്കാം.
യോഗ്യതാപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് പ്രവേശനം. 2022-23 വർഷത്തെ പ്രവേശനവിജ്ഞാപനം താമസിയാതെ വരുമെന്നു കരുതുന്നു.
പ്ലസ്ടു കഴിഞ്ഞും ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരമുണ്ട്. ലാറ്ററൽ എൻട്രി പദ്ധതിവഴി ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാംവർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) പ്രവേശനത്തിന് അവസരമുണ്ട്. രണ്ടുവർഷം പഠിച്ച് ഡിപ്ലോമ നേടാം. എൻജിനിയറിങ്/ ടെക്നോളജി സ്ട്രീമിൽ മാത്രമേ ലാറ്ററൽ എൻട്രി ഉള്ളൂ. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്‌ടു ജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്നു വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം. 2021-ലെ പ്രവേശനവിവരത്തിന് www.polyadmission.org/let കാണുക.
Summary: Polytechnic admissions in Kerala are conducted by the Department of Technical Education. The Diploma programs are categorized into Engineering & Technology and Commercial & Business Management.




