Explore

പ്ലസ്ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് പഠനം: ഭാവി സാധ്യതകൾ

  • November 13, 2023
  • 4 min read
പ്ലസ്ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് പഠനം: ഭാവി സാധ്യതകൾ
Share Now:

ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് മേഖല ഇന്ന് ലോകമെമ്പാടും വളർച്ചയുടെ പാതയിലാണ്. ഈ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. കേന്ദ്ര, സംസ്ഥാന, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ബിരുദ, ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ ലഭ്യമാണ്.

പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ധാരാളം ജോലി അവസരങ്ങൾ ലഭ്യമാണ്.

ഈ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ കഴിവുകളും അറിവും കരസ്ഥമാക്കേണ്ടതുണ്ട്. ഇംഗ്ലീഷ്, കമ്പ്യൂട്ടർ, ആശയവിനിമയം, നേതൃത്വം, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തേണ്ടതുണ്ട്. കൂടാതെ, ടൂറിസം, ഹോട്ടൽ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയും ഉണ്ടായിരിക്കണം.

എന്‍.സി.എച്ച്.എം.സി.ടി.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിക്കാണ് (NCHMCT) ദേശീയതലത്തില്‍ ഹോട്ടല്‍/ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലയിലെ കോഴ്സ് രൂപകല്പന, നിലവാരം, അഫിലിയേഷന്‍ തുടങ്ങിയവയുടെ ചുമതല.

ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പര്‍വൈസറിതലങ്ങളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ക്കുള്ളത്.

സ്ഥാപനങ്ങൾ

കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (22+ 28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങള്‍ (32), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (11) ഉള്‍പ്പെടെ 94 കേന്ദ്രങ്ങളിലായാണ് വിവിധ കോഴ്സുകള്‍ നടത്തുന്നത്.

കേരളത്തില്‍ ഈ പരീക്ഷവഴി പ്രവേശനം നല്‍കുന്ന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍:

  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം).
  • സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴിക്കോട് (സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനം).
  • മൂന്നാര്‍ കാറ്ററിങ് കോളേജ്.
  • ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, വയനാട്.

കോഴ്സുകൾ

കൗണ്‍സിലിനോട് അഫിലിയേറ്റ് ചെയ്ത 94 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി നിരവധി കോഴ്സുകളുണ്ട്

  • ബി.എസ്സി. ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍.
  • പി.ജി. ഡിപ്ലോമ (അക്കോമഡേഷന്‍ ഓപ്പറേഷന്‍സ് & മാനേജ്മെന്റ്.
  • ഡയറ്ററ്റിക്‌സ് & ഹോസ്പിറ്റല്‍ ഫുഡ് സര്‍വീസ്).
  • ഡിപ്ലോമ (ഫുഡ് പ്രൊഡക്ഷന്‍.
  • ഫുഡ് & ബിവറേജ് സര്‍വീസസ്.
  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍.
  • ഹൗസ് കീപ്പിങ് ഓപ്പറേഷന്‍.
  • ബേക്കറി & കണ്‍ഫെക്ഷനറി.
  • ക്രാഫ്റ്റ്സ്മാന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ഫുഡ് പ്രൊഡക്ഷന്‍ & പറ്റീസെറി.
  • ഫുഡ് & ബിവറേജ് സര്‍വീസസ്.
  • എം.എസ്സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍.
  • ബി.എസ്സി. ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ (കോഴ്സ് ഒരുവര്‍ഷംകൂടി പഠിച്ച് ഓണേഴ്സ് നേടാനുള്ള അവസരവുമുണ്ട്).
  • ബി.എസ്സി. ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹൗസ് കീപ്പിങ് തുടങ്ങിയവയും പഠനവിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.
  • ഹോട്ടല്‍ അക്കൗണ്ടന്‍സി.
  • ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി.
  • ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്.
  • ഫെസിലിറ്റി പ്ലാനിങ്.
  • ഫിനാന്‍ഷ്യല്‍/സ്ട്രാറ്റജിക് മാനേജ്‌മെന്റ്.
  • ടൂറിസം മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റ്.

യോഗ്യത

ബി.എസ്സി., ഡിപ്ലോമ കോഴ്സുകള്‍ക്ക് ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. പി.ജി. ഡിപ്ലോമ, എം.എസ്സി. കോഴ്സുകള്‍ക്ക് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദമോ ത്രിവത്സര ഡിപ്ലോമയോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി നിഷ്‌കര്‍ഷിച്ചിട്ടില്ല.


പ്രവേശനം

ബിരുദകോഴ്സുകളിലേക്ക് എന്‍.സി.എച്ച്.എം.സി.ടി. ജെ.ഇ.ഇ. (NCHMCT JEE) വഴിയാണ് പ്രവേശനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷച്ചുമതല. പരീക്ഷ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള 200 ചോദ്യങ്ങളുള്ള പരീക്ഷയാകും. എന്‍. സി. എച്ച്. എം. സി. ടി. ജെ. ഇ. ഇ. യില്‍. ന്യൂമെറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലിറ്റിക്കല്‍ ആപ്റ്റിറ്റൂട്, റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍, ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ആപ്റ്റിറ്റിയൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക.

ഓരോ ശരിയുത്തരത്തിനും നാലുമാര്‍ക്കുവീതം ലഭിക്കും. തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് കുറയ്ക്കും. മൂന്നുമണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nchm.nic.in സന്ദർശിക്കാം.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ് തൊഴില്‍ രംഗത്തേക്ക് കടക്കാന്‍ വഴിയൊരുക്കുന്ന കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാനത്തെ വിവിധ സെന്ററുകളിലായി ഹോട്ടല്‍ മാനേജ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളാണിവിടെ നടത്തുന്നത്. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ പ്ലേസ്മെന്റും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്നുണ്ട്.

കേന്ദ്രങ്ങൾ

കളമശ്ശേരി, തിരുവനന്തപുരം, കൊല്ലം, ചേര്‍ത്തല, തൊടുപുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ, ഉദുമ, പാലക്കാട്.

കോഴ്സുകൾ

ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, കാനിങ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍, ഹോട്ടല്‍ അക്കമേഡേഷന്‍ ഓപ്പറേഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫക്ഷനറി, ഫ്രന്‍ഡ് ഓഫീസ് ഓപ്പറേഷന്‍. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്സുകള്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്.


ഫ്രന്‍ഡ് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സ് പാലക്കാട്, കൊല്ലം, ചേര്‍ത്തല, കോഴിക്കോട് കേന്ദ്രങ്ങള്‍ ഒഴികെയുള്ളവയിലുണ്ട്. ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ കോഴ്സ് കളമശ്ശേരി, തൃശ്ശൂര്‍, പെരിന്തല്‍മണ്ണ, കണ്ണൂര്‍, ഉദുമ കേന്ദ്രങ്ങളിലുണ്ട്.

ബേക്കറി ആന്‍ഡ് കണ്‍ഫക്ഷനറി കോഴ്സ് കണ്ണൂരും കളമശ്ശേരിയിലും കാനിങ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍ കോഴ്സ് കളമശ്ശേരി ഇന്‍സ്റ്റിറ്റ്യൂട്ടിലും മാത്രമേയുള്ളൂ.

യോഗ്യത

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലെ പ്രവേശനത്തിനുള്ള യോഗ്യത എസ്.എസ്.എല്‍.സിയാണ്. യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. മൂന്നില്‍ക്കൂടുതല്‍ തവണ പരീക്ഷ അഭിമുഖീകരിച്ചിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല.

രണ്ട്, മൂന്ന് ചാന്‍സുകളില്‍ യോഗ്യതാ പരീക്ഷ വിജയിച്ചവരുടെ ആകെ മാര്‍ക്കില്‍നിന്ന് യഥാക്രമം അഞ്ച്, പത്ത് മാര്‍ക്ക് കുറയ്ക്കും.

കോഴ്സ് ഫീസ്

ഫ്രന്‍ഡ് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്സുകള്‍ക്ക് പ്രവേശന ഫീസ് 100 രൂപ, ട്യൂഷന്‍ ഫീസ് 7535 രൂപ, ലാബ് ഫീസ് 8100 രൂപ, പരീക്ഷാ ഫീസ് 330 രൂപ (ആകെ 16,065 രൂപ) എന്നിങ്ങനെയാണ് ഫീസ്. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫക്ഷനറി, കാനിങ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍ എന്നീ കോഴ്സുകള്‍ക്ക് പ്രവേശന ഫീസ് 100 രൂപ, ട്യൂഷന്‍ ഫീസ് 7535 രൂപ, ലാബ് ഫീസ് 15300 രൂപ, പരീക്ഷാ ഫീസ് 330 രൂപ (ആകെ 23265 രൂപ). കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fcikerala.org സന്ദര്‍ശിക്കുക.

കെ. എച്ച്. എം. എ. ടി.

കോളേജുകൾ

കേരളത്തിലെ എ. ഐ. സി. ടി. ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (ബി. എച്ച്. എം. സി. ടി. ) പഠിക്കാനുള്ള അവസരമുണ്ട്. എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മുഖേനെയാണ് പ്രവേശനം.

ഹോട്ടല്‍മേഖലയില്‍ തൊഴില്‍ നേടാനും സ്വയം സംരംഭകനാകാനും വേണ്ട നൈപുണികളും വിജ്ഞാനവും നല്‍കി പഠിതാക്കളെ ആ മേഖലയ്ക്ക് തയ്യാറാക്കുന്ന കോഴ്സാണിത്.ഹോട്ടല്‍ മാനേജ്മെന്റ്, ട്രാവല്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കും പ്രോഗ്രാം അനുയോജ്യമാണ്.

പാഠ്യപദ്ധതിയില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, ബിസിനസ് കമ്യൂണിക്കേഷന്‍, മാനേജ്മെന്റ്, ഫ്രന്‍ഡ് ഓഫീസ് ഓപ്പറേഷന്‍സ് മുതലായ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രായോഗിക പരിശീലനമുണ്ട്.

സൗത്ത് പാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്- നെടുമങ്ങാട്, രാജ്ധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി- ആറ്റിങ്ങല്‍, കെ.എം.സി.ടി. കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി- കുറ്റിപ്പുറം, വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി- വാഴക്കുളം, ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്് ആന്‍ഡ് കാറ്ററിങ് ടെക്നോളജി- കാട്ടാക്കട, ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിങ് കോളേജ്- ചേര്‍ത്തല, സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി- കരുവാറ്റ.

യോഗ്യത

ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ കോളേജ് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ബന്ധപ്പെട്ട സര്‍വകലാശാലയുടെ മാര്‍ക്ക് വ്യവസ്ഥയോടെ ജയിച്ചിരിക്കണം. പ്രവേശനസമയത്ത് യോഗ്യത നേടിയിരിക്കണം.

പ്രവേശനം

കേരള ഹോട്ടല്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-എച്ച്.എം.എ.ടി.) അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ സീറ്റുകളിലെ പ്രവേശനം. കെ-എച്ച്.എം.എ.ടി. സ്‌കോറോ ബി.എച്ച്.എം.സി.ടി. പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷയിലെ റാങ്കോ പരിഗണിച്ച് അതത് കോളേജുകള്‍ മാനേജ്മെന്റ് സീറ്റ് പ്രവേശനം നടത്തും.

പരീക്ഷ

ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക്, ബേസിക് മാത്തമാറ്റിക്സ്, കമ്യൂണിക്കേഷന്‍ സ്‌കില്‍, ജനറല്‍ നോളജ് ആന്‍ഡ് കറന്റ്് അഫയേഴ്സ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് കാറ്ററിങ് ടെക്നോളജി അവേര്‍നസ് എന്നിവയില്‍നിന്ന് യഥാക്രമം 20, 20, 20, 30 വീതം ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് ലഭിക്കും. നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം (കിറ്റ്‌സ്)

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്). അന്താരാഷ്ട്ര ട്രാവല്‍, ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴില്‍സാധ്യതകളേറെയുള്ള പി.ജി., ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളാണ് സ്ഥാപനത്തില്‍ നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം/മലയാറ്റൂര്‍, തലശ്ശേരി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍.

കോഴ്സുകൾ

  • യു.ജി.: ബാച്ചിലര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ടൂറിസം മാനേജ്മെന്റ്), ബാച്ചിലര്‍ ഓഫ് കോമേഴ്സ് (ട്രാവല്‍ ആന്‍ഡ് ടൂറിസം).
  • പി.ജി. ഡിപ്ലോമ: പി.ജി. ഡിപ്ലോമ ഇന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം, എം.ബി.എ. ട്രാവല്‍ ആന്‍ഡ് ടൂറിസം.
  • ഡിപ്ലോമ: സ്‌കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യുട്ടീവ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഏവിയേഷന്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ് മാനേജ്മെന്റ്.

യോഗ്യത:

എം.ബി.എ., പി.ജി. ഡിപ്ലോമ കോഴ്സുകളില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. എം.ബി.എ. പഠിക്കാന്‍ സി-മാറ്റ്, കെ-മാറ്റ്, കാറ്റ് സ്‌കോറുണ്ടായിരിക്കണം.
ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. കോഴ്സനുസരിച്ച് യോഗ്യതയില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷത്തെ എം. ബി. എ. യ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബി.കോം. വിത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം

പരമ്പരാഗത ബിരുദ കോഴ്സായ ബാച്ചിലര്‍ ഓഫ് കോമേഴ്സ് (ബി.കോം.) പ്രോഗ്രാമില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ബിരുദ കോഴ്സുകള്‍ കേരളത്തിലെ പ്രധാന സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളിലുണ്ട്. അവയില്‍ ചിലത് ചുവടെ:

  • മന്നാനിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, തിരുവനന്തപുരം.
  • ടി.കെ. മാധവന്‍ മെമ്മോറിയല്‍ കോളേജ്, ആലപ്പുഴ.
  • ഇമ്മാനുവല്‍ കോളേജ്, തിരുവനന്തപുരം.
  • മാര്‍ ഗ്രിഗോറിയസ്, ആലപ്പുഴ.
  • മാലിക് ദീനാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മൂവാറ്റുപുഴ.
  • മാര്‍ ഏലിയാസ് കോളേജ്, കോതമംഗലം.
  • സെന്റ് കുര്യാക്കോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് സയന്‍സ്, എറണാകുളം.
  • സെന്റ്മേരീസ് കോളേജ് ഓഫ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, പെരുമ്പാവൂര്‍.
  • മൗണ്ട് റോയല്‍ കോളേജ്, മൂന്നാര്‍.

കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ പഠിപ്പിക്കുന്ന വിവിധ കോളേജുകളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും.

Summary: Kerala, a popular tourist destination, offers a variety of hotel management and tourism education options to meet the growing demand for qualified workers in this field. The state government and private institutions offer diploma to postgraduate courses in hotel management, catering technology, food production, food and beverage services, front office operations, housekeeping, travel, and tourism.

Share Now: