Explore

വീട്ടിലിരുന്നും ബിരുദം നേടാം; അറിയാം വിദൂരപഠന സാധ്യതകൾ

  • November 11, 2023
  • 4 min read
വീട്ടിലിരുന്നും ബിരുദം നേടാം; അറിയാം വിദൂരപഠന സാധ്യതകൾ
Share Now:

റെഗുലർ കോളേജ്/സർവകലാശാല പഠനത്തിന് സീറ്റ് ലഭിക്കാത്തതോ, സാമ്പത്തിക ബുദ്ധിമുട്ടുകളാൽ ജോലി ചെയ്യേണ്ടതോ ആയവർക്ക് ഉപരിപഠനം അവസാനിപ്പിക്കേണ്ടതില്ല. കേരളത്തിൽ ഓപ്പൺ സർവകലാശാലകളും വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങളും ഉണ്ട്. അവയിലൂടെ വീട്ടിലിരുന്നുതന്നെ ബിരുദവും ബിരുദാനന്തരബിരുദവും നേടാം.

വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍

കേരളത്തിലെ സംസ്ഥാനസര്‍വകലാശാലകളില്‍ മിക്കതും അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാലാ പഠനവകുപ്പുകളിലുമുള്ള ചില കോഴ്സുകള്‍ വിദൂരവിദ്യാഭ്യാസരീതിയില്‍ പഠിക്കാന്‍ അവസരമൊരുക്കുന്നുണ്ട്.

റെഗുലര്‍ കോഴ്സുകളല്ലെന്നതൊഴിച്ചാല്‍, സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യവും സിലബസുമെല്ലാം ഒരേ രീതിയിലാണ്. അസൈന്‍മെന്റുകളും പരീക്ഷകളുമൊക്കെയുണ്ടാകും. പ്രാദേശികപഠനകേന്ദ്രങ്ങളില്‍ നിശ്ചിതദിവസങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ ആവശ്യമുള്ളവര്‍ക്ക് പങ്കെടുക്കാം. പഠനസാമഗ്രികളും ലഭിക്കും.

– കേരള സർവകലാശാല

കേരളസര്‍വകലാശാലയിലെ ബിരുദതലത്തില്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എസ്സി. മാത്തമാറ്റിക്‌സ്, ഒരുവര്‍ഷത്തെ ബി.എല്‍.ഐ.എസ്സി. എന്നീ കോഴ്സുകളാണ് 2023-24 അധ്യയനവര്‍ഷത്തില്‍ വിദൂരവിദ്യാഭ്യാസവിഭാഗത്തിലുള്ളത്. ബിരുദാനന്തരബിരുദ വിഷയങ്ങളായി എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എസ്സി. മാത്തമാറ്റിക്‌സ്, എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്, ഒരു വര്‍ഷത്തെ എം.എല്‍.ഐ.എസ്സി. എന്നീ കോഴ്സുകളാണുള്ളത്.

ബിരുദകോഴ്സുകള്‍ക്ക് ആദ്യസെമസ്റ്ററില്‍ ഏകദേശം 4,000 രൂപവരെയാണ് ഫീസായി വരുക. വിശദവിവരങ്ങള്‍ www.ideku.net എന്ന വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനായി ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 8129977026.

– കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസവിഭാഗം 2023-24 വര്‍ഷത്തില്‍ ബിരുദതലത്തില്‍ നാല് കോഴ്സാണ് നടത്തുന്നത്. ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ഇന്‍ അഫ്സല്‍ ഉല്‍ ഉലമ, ബി.എ. ഇന്‍ പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം., ബി.ബി.എ. എന്നിവയാണ് ആ കോഴ്സുകള്‍. പ്ലസ്ടുവാണ് യോഗ്യത.

1,395 രൂപയാണ് അഡ്മിഷന്‍ ഫീസ്. ആദ്യ രണ്ട് സെമസ്റ്ററിലായി ബി.എ. കോഴ്സിന് ചേരുന്നവര്‍ 1,625 രൂപയും ബി.കോമിന് ചേരുന്നവര്‍ 1,855 രൂപയും ബി.ബി.എ.യ്ക്ക് ചേരുന്നവര്‍ 3,480 രൂപയുമടയ്ക്കണം. പിന്നീടുള്ള ഫീസ് മൂന്നാംസെമസ്റ്ററിന്റെയും അഞ്ചാംസെമസ്റ്ററിന്റെയും തുടക്കത്തിലാണ് അടയ്‌ക്കേണ്ടത്.

എം.എ. അറബിക്, എം.എ. ഇക്കണോമിക്‌സ്, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. സംസ്‌കൃതം, എം.എസ്സി. മാത്തമാറ്റിക്‌സ്, എം.കോം എന്നീ ബിരുദാനന്തരബിരുദ കോഴ്സുകളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗത്തിലുള്ളത്. വിശദവിവരങ്ങള്‍ sdeonline.uoc.ac.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0494-2407356, 2400288.

– ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല

കേരള സര്‍ക്കാര്‍ ആരംഭിച്ചതാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. കൊല്ലത്താണ് സര്‍വകലാശാലയുടെ ആസ്ഥാനം. വിദ്യാര്‍ഥികളുടെ സഹായത്തിനും പഠനസൗകര്യത്തിനുമായി പ്രാദേശിക കേന്ദ്രങ്ങളും എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളുമുണ്ട്. പ്രാദേശിക കേന്ദ്രങ്ങളില്‍ ലൈബ്രറി സൗകര്യവുമുണ്ടാകും.

ശ്രീനാരായണഗുരു സര്‍വകലാശാലയിലെ ബിരുദ കോഴ്സുകള

  • ബി.എ. സോഷ്യോളജി
  • ബാച്ചിലര്‍ ഓഫ് ഫിലോസഫി (ശ്രീനാരായണഗുരു പഠനത്തില്‍ സ്പെഷലൈസേഷന്‍)
  • ബി.എ. ഹിസ്റ്ററി
  • ബി.എ. ഇക്കണോമിക്സ്
  • ബി.എ. മലയാള ഭാഷയും സാഹിത്യവും
  • ബി.എ. സംസ്‌കൃത ഭാഷയും സാഹിത്യവും
  • ബി.എ. അറബി ഭാഷയും സാഹിത്യവും
  • ബി.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും
  • ബി.എ. ഹിന്ദി ഭാഷയും സാഹിത്യവും
  • ബി.എ. അഫ്സല്‍ ഉല്‍ ഉലമ
  • ബി.കോം
  • ബി.ബി.എ.

ബിരുദാനന്തരബിരുദ കോഴ്സുകള്‍:

  • എം.എ. സോഷ്യോളജി
  • എം.എ. ഹിസ്റ്ററി
  • എം.എ. മലയാളം
  • എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും
  • എം.എ. അറബിക്
  • എം.എ. ഹിന്ദി
  • എം.എ. സംസ്‌കൃതം
  • എം.എ. ഇക്കണോമിക്സ്
  • എം.എ. ഫിലോസഫി
  • എം.കോം

ബിരുദ കോഴ്സുകള്‍ക്ക് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മൂന്നുവര്‍ഷത്തെ കോഴ്സാണ്. ആറ് സെമസ്റ്ററുകളായാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെമസ്റ്ററില്‍ പ്രവേശന ഫീസടക്കം 3,830 രൂപയാണ് ഫീസ്. പിന്നീടുള്ള അഞ്ച് സെമസ്റ്ററുകളിലും 2,760 രൂപ വീതം അടയ്ക്കണം. ബി.ബി.എ. കോഴ്സിന് മാത്രം ആദ്യ സെമസ്റ്ററിന് 4,630 രൂപയാണ് ഫീസ്. പിന്നീടുള്ള സെമസ്റ്ററുകളില്‍ ഫീസ് 3,560 രൂപ വീതമായിരിക്കും.


രണ്ട് വര്‍ഷമാണ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാലാവധി. നാല് സെമസ്റ്ററുകളിലായാണ് ക്ലാസ്. ബിരുദധാരികള്‍ക്ക് ചേരാം. എം.എ. ഇംഗ്ലീഷിന് ചേരണമെങ്കില്‍ ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദതലത്തില്‍ പഠിച്ചിരിക്കണം. ആദ്യ സെമസ്റ്ററില്‍ പ്രവേശനഫീസ് അടക്കം 4,570 രൂപ അടയ്ക്കണം. പിന്നീടുള്ള മൂന്ന് സെമസ്റ്ററുകളിലും 3,400 രൂപ വീതമാണ് ഫീസ്. ഓണ്‍ലൈനായാണ് അപേക്ഷ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.sgou.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സംശയനിവാരണത്തിന് 9188909901, 9188909902 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

– ഇഗ്‌നോ സർവകലാശാല

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപ്പണ്‍ സര്‍വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്‌നോ). 1987-ല്‍ രണ്ട് ഡിപ്ലോമ കോഴ്സും 4,528 വിദ്യാര്‍ഥികളുമായി തുടങ്ങിയ ഇഗ്‌നോയില്‍ ഇന്ന് 21 പഠനവിഷയങ്ങളിലായി നൂറുകണക്കിന് കോഴ്സുകളും 30 ലക്ഷത്തിലേറെ വിദ്യാര്‍ഥികളുമാണുള്ളത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇഗ്‌നോ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുക. ഇപ്പോള്‍ അപേക്ഷിക്കാവുന്ന സമയമാണ്. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കും.

കേരളത്തില്‍ ഇഗ്‌നോയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കൊച്ചി, വടകര എന്നിവിടങ്ങളിലാണിത്. ഓരോ പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് കീഴിലും ധാരാളം സ്റ്റഡിസെന്ററുകളുണ്ട്. ഓരോ കോഴ്സിനും നിശ്ചിത ക്ലാസുകള്‍ സ്റ്റഡി സെന്ററുകളില്‍വെച്ച് നല്‍കും.

തിരുവനന്തപുരം പ്രാദേശികകേന്ദ്രത്തിലെ ബിരുദ കോഴ്സുകള്‍:

  • ബി.എ. ഇക്കണോമിക്‌സ്.
  • ബി.എ. ഹിസ്റ്ററി.
  • ബി.എ. സൈക്കോളജി.
  • ബി.എസ്സി. ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി.
  • ബി.എ. ടൂറിസം സ്റ്റഡീസ്.
  • ബി.കോം.
  • ബി.കോം വിത്ത് മേജര്‍ ഇന്‍ അക്കൗണ്ടന്‍സി ആന്‍ഡ് ഫിനാന്‍സ്.
  • ബി.സി.എ.
  • ബി.എഡ്., ബി.എ. ഇംഗ്ലീഷ്.
  • ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.
  • ബി.എസ്.ഡബ്ല്യു.
  • ബാച്ചിലര്‍ ഓഫ് പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.).
  • ബി.ബി.എ. ഇന്‍ റീട്ടെയിലിങ്.
  • ബി.ബി.എ. വിത്ത് മേജര്‍ ഇന്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോസ്റ്റ് അക്കൗണ്ടിങ്.
  • ബി.എസ്സി. ജനറല്‍.
  • ബി.എസ്സി. ഓണേഴ്സ് ഇന്‍ ഒപ്റ്റോമെട്രി ആന്‍ഡ് ഒഫ്താല്‍മിക് ടെക്നിക്‌സ്.
  • ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്).

വെബ്സൈറ്റ്: rctrivandrum.ignou.ac.in. ഫോണ്‍: 0471-2344113, 9447044132.

കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ ബിരുദ കോഴ്സുകള്‍:

  • ബി.എ. ടൂറിസം സ്റ്റഡീസ്.
  • ബി.കോം.
  • ബി.സി.എ.
  • ബി.എഡ്.
  • ബി.എ. ഇംഗ്ലീഷ്.
  • ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.
  • ബി.എസ്.ഡബ്ല്യു.
  • ബാച്ചിലര്‍ ഓഫ് പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.).
  • ബി.കോം വിത്ത് മേജര്‍ ഇന്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോസ്റ്റ് അക്കൗണ്ടിങ്).
  • ബി.എസ്സി. ഓണേഴ്സ് ഇന്‍ ഒപ്റ്റോമെട്രി ആന്‍ഡ് ഒഫ്താല്‍മിക് ടെക്നിക്‌സ്.
  • ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്).

വെബ്സൈറ്റ്: rccochin.ignou.ac.in ഫോണ്‍: 0484-2340203

വടകര പ്രാദേശികകേന്ദ്രത്തിലെ ബിരുദ കോഴ്സുകള്‍:

  • ബി.എ. ടൂറിസം സ്റ്റഡീസ്.
  • ബി.കോം.
  • ബി.സി.എ.
  • ബി.എഡ്.
  • ബി.എ. ഇംഗ്ലീഷ്.
  • ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.
  • ബി.എസ്.ഡബ്ല്യു.
  • ബാച്ചിലര്‍ ഓഫ് പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.).
  • ബി.എസ്സി. ഓണേഴ്സ് ഇന്‍ ഒപ്റ്റോമെട്രി ആന്‍ഡ് ഒഫ്താല്‍മിക് ടെക്നിക്‌സ്.

വെബ്സൈറ്റ്: rcvadakara.ignou.ac.in ഫോണ്‍: 0496-2525281.

ഇവ കൂടാതെ വ്യത്യസ്ത വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഇഗ്‌നോയിലുണ്ട്:

  • റൂറല്‍ ഡെവലപ്മെന്റ്.
  • ആന്ത്രപ്പോളജി.
  • ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്.
  • പബ്ലിക് അഡ്മിനിസ്ട്രേഷന്‍.
  • ഡെവലപ്മെന്റ് സ്റ്റഡീസ്.
  • ജെന്‍ഡര്‍ സ്റ്റഡീസ്.
  • ഡയറ്റെറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ്.
  • എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്.

ഓരോ പ്രാദേശിക കേന്ദ്രത്തിന്റെയും വെബ്സൈറ്റില്‍ നിന്ന് കോഴ്സുകളുടെ വിവരങ്ങള്‍ മനസ്സിലാക്കാം. ഓരോ കോഴ്സിനും വ്യത്യസ്ത ഫീസാണുള്ളത്. താരതമ്യേന ഫീസ് നിരക്ക് കുറവാണ്.https://ignouadmission.samarth.edu.in/, https://onlinerr.ignou.ac.in/ എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് അപേക്ഷ അയക്കേണ്ടത്.

ഓപ്പൺ സ്കൂളിങ്

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (NIOS). എല്ലാവരിലും വിദ്യാഭ്യാസം എത്തിക്കുക എന്ന ആശയത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൂന്ന്, അഞ്ച്, എട്ട്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കോഴ്സുകളാണ് എന്‍.ഐ.ഒ.എസ്. നല്‍കുന്നത്.

അതോടൊപ്പം അഗ്രിക്കള്‍ച്ചര്‍, എന്‍ജിനീയറിങ്, ടെക്നോളജി, ഹെല്‍ത്ത് ആന്‍ഡ് പാരാമെഡിക്കല്‍, ഹോം സയന്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, കംപ്യൂട്ടര്‍ ആന്‍ഡ് ഐ.ടി., ബിസിനസ് ആന്‍ഡ് കൊമേഴ്സ്, ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ മേഖലകളിലായി 103 കോഴ്സുകളാണ് എന്‍.ഐ.ഒ.എസിലുള്ളത്.

പരീക്ഷകള്‍ക്കുശേഷം സര്‍ട്ടിഫിക്കറ്റും ലഭിക്കും. പഠിതാക്കളുടെ പഠനവേഗമനുസരിച്ച് പഠിക്കാനുള്ള അവസരമുണ്ട്. ഫീസും പരിമിതമാണ്. ഉയര്‍ന്ന പ്രായപരിധിയില്ല.
2023-24 വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. sdmis.nios.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൊച്ചിയില്‍ റീജണല്‍ സെന്ററുണ്ട്. വിലാസം: എന്‍.ഐ.ഒ.എസ്., റീജണല്‍ സെന്റര്‍, ആറാം നില, കെ.എസ്.എച്ച്.ബി. മന്ദിരം, പനമ്പിള്ളി നഗര്‍, കൊച്ചി – 682036. ഫോണ്‍: 0484-2310032, 9746888988. ഇ-മെയില്‍: rckochi@nios.ac.in

ഓൺലൈൻ കോഴ്സുകൾ

കോവിഡിനുശേഷം ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് പ്രചാരം കൂടിവരുന്നുണ്ട്. സര്‍വകലാശാലകളാരംഭിക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് യു.ജി.സി.യും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളുണ്ടെങ്കില്‍, ഇത്തരം കോഴ്സുകളെ ആശ്രയിക്കാം. ഒട്ടേറെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളും ഓണ്‍ലൈന്‍ കോഴ്സുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പല കോഴ്സുകളുടെയും സര്‍ട്ടിഫിക്കറ്റിന് മൂല്യമില്ല. അതുകൊണ്ട്, ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ചേരുന്നതിനുമുന്‍പ് വിശദമായി അന്വേഷിക്കണം.

കേരളത്തിൽ എം ജി സർവകലാശാല

  • എം.കോം. ഓൺലൈനായും നടത്തുന്നുണ്ട്. ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലാണ് സ്‌പെഷ്യലൈസേഷന്‍. യു.ജി.സി. അംഗീകൃത കോഴ്സാണിത്. രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി. എം.ജി. സര്‍വകലാശാല അംഗീകരിച്ച ബി.കോം, ബി.ബി.എ., ബി.ബി.എം. കോഴ്സുകളിലേതെങ്കിലും 45 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. നാല് സെമസ്റ്ററിലാണ് കോഴ്സ്. ഓരോ സെമസ്റ്ററിനും 18,000 രൂപ വീതമാണ് ഫീസ്. https://mguonline.ac/#/singlepgm/2/NA എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
  • ഇഗ്നോയും ഓണ്‍ലൈന്‍ കോഴ്സുകള്‍ നല്‍കുന്നുണ്ട്. ഗുവാഹാട്ടി ഐ.ഐ.ടി. ധാരാളം ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ കോഴ്സറ(Coursera)യുമായി ചേര്‍ന്നാണ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്.
  • ഗുവാഹാട്ടി ഐ.ഐ.ടി. ഓണ്‍ലൈനായി ഡേറ്റാ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുമായി ബി.എസ്സി. ഓണേഴ്സ് കോഴ്സ് തുടങ്ങിയിട്ടുണ്ട്. നാലുവര്‍ഷത്തെ കോഴ്സാണിത്. പ്ലസ്ടുവാണ് യോഗ്യത. ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ ഏതെങ്കിലും വര്‍ഷം രജിസ്റ്റര്‍ ചെയ്യുകയോ യോഗ്യത നേടുകയോ ചെയ്തവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അല്ലാത്തവര്‍ ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ പാസാകേണ്ടിവരും. കോഴ്സ് ഒക്ടോബറിലാണ് തുടങ്ങുക. കോഴ്സ് പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എട്ടുവര്‍ഷംവരെ സമയമുണ്ട്. ഏകദേശം 3,49,000 രൂപയാണ് ഫീസ്. പ്ലേസ്മെന്റ് അടക്കമുള്ളവ ഐ.ഐ.ടി. വാഗ്ദാനം ചെയ്യുന്നുണ്ട്. https://www.iitg.ac.in/acad/academic_prog.php എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
  • നിലവില്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഠിക്കാവുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് ലേണിങ് ഫോര്‍ യങ് ആസ്പയറിങ് മൈന്‍ഡ്സ് (SWAYAM) വഴി ലഭിക്കും. ഇത്തരം കോഴ്സുകളില്‍ പലതും റെഗുലര്‍ കോഴ്സിനൊപ്പമുള്ള ക്രെഡിറ്റ് സ്‌കോറുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. വിശദവിവരങ്ങള്‍ക്ക് https://swayam.gov.in/ സന്ദർശിക്കുക.

Summary: Distance education courses in Kerala are a good option for students who are unable to get admission in regular colleges/universities or those who want to continue their studies while working. Kerala University, Calicut University, Sree Narayana Guru Open University, and Indira Gandhi National Open University are the major distance education institutions in Kerala.A wide range of courses are offered at these institutions at various levels, including undergraduate, postgraduate, and diploma. Plus Two and graduation are the main qualifications required.

Share Now: