Explore

നിക്ഷേപ മേഖലയിലെ കരിയർ സാധ്യതകൾ

  • November 9, 2023
  • 3 min read
നിക്ഷേപ മേഖലയിലെ കരിയർ സാധ്യതകൾ
Share Now:

പേരു സൂചിപ്പിക്കുന്നതുപോലെ ധനകാര്യനിക്ഷേപത്തിന്‍റെ മാനേജുമെന്‍റാണ് ഈ കരിയര്‍ മേഖലയിലുള്ളത്. ധനകാര്യനിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവരുടെയും നിക്ഷേപം ആവശ്യമുള്ളവരുടെയും ഇടയിലെ പാലമാണിതെന്നു ലളിതമായി പറയാം.

കോര്‍പ്പറേറ്റ് ധനകാര്യം

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഫണ്ട് സ്വരൂപിക്കുന്നതു പ്രധാനമായും ഓഹരിവില്പനയിലൂടെയും കടപത്രങ്ങളുടെ വില്പനയിലൂടെയുമാണ്. ഇവ വാങ്ങുവാനും വില്ക്കുവാനും കൈവശമുള്ളവര്‍ക്കു മറ്റുള്ളവരുമായി വ്യാപാരം നടത്തുന്നതിനുമായി വിപുലവും സങ്കീര്‍ണവുമായ സംവിധാനങ്ങളുണ്ട്.

ഉദാഹരണത്തിന്, ഓഹരികളുടെ ക്രയവിക്രയത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണു സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍.

അതുപോലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുമായി ഗവണ്‍മെന്‍റ് രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണു സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).

ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചു കാര്യമായ അവബോധമില്ലാത്തവര്‍ക്കും മാര്‍ക്കറ്റില്‍ അധികം സമയം ചെലവഴിക്കാനില്ലാത്തവര്‍ക്കും മറ്റും ഓഹരിവിപണിയുടെ ഗുണം ലഭ്യമാക്കാനുതകുന്നവയാണു മ്യൂച്ച്വല്‍ ഫണ്ടുകള്‍. നൂറുകണക്കിനു മ്യൂച്ച്വല്‍ ഫണ്ടുകള്‍ ഇന്ത്യയിലുണ്ട്.

അസറ്റ് മാനേജുമെന്‍റ് സ്ഥാപനങ്ങള്‍, ലീഡ് മാനേജര്‍മാര്‍, ഡീലേഴ്സ് തുടങ്ങി നിക്ഷേപരംഗത്തു പല തട്ടിലായി നിരവധി സംവിധാനങ്ങളാണുള്ളത്.

ഇവയിലൊക്കെയും ധനകാര്യ മാനേജുമെന്‍റില്‍ ആഴത്തില്‍ അറിവും യോഗ്യതയുമുള്ള വ്യക്തികളെ തൊഴിലിനായി ആവശ്യമുണ്ട്.

പഠനം

കോര്‍പ്പറേറ്റ് ധനകാര്യത്തെക്കുറിച്ചും ധനകാര്യവിപണിയെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവും അവ കൈകാര്യം ചെയ്യുവാനുള്ള നൈപുണ്യവുമാണ് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുവാന്‍ ആവശ്യമായിട്ടുള്ളത്.

ബിരുദപഠനത്തിനുശേഷം ഇന്‍വെസ്റ്റ്മെന്‍റ് മാനേജുമെന്‍റില്‍ സ്പെഷലൈസേഷന്‍ പഠനം നടത്തുന്നതാണ് ഉത്തമം. പ്ലസ് ടൂ വിനുശേഷം പഠിക്കാവുന്ന ചില സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും മറ്റുമുണ്ടെങ്കിലും ഇവ കരിയര്‍ വളര്‍ച്ചയ്ക്കു സഹായകമല്ല.

ബിരുദതലത്തില്‍ പഠിക്കുന്ന വിഷയത്തിനും ഈ മേഖലയില്‍ വലിയ പ്രാധാന്യമില്ല. നിങ്ങളുടെ അഭിരുചിക്കാണു മുന്‍തൂക്കം. ബികോം, ബിബിഎ തുടങ്ങിയ ബിരുദങ്ങള്‍ ഈ മേഖലയിലേക്കുള്ള തുടക്കമായി കാണാനാവില്ല.

എംബിഎ (ഫിനാന്‍സ്) ഒരു നല്ല അടിസ്ഥാനമാണ്. എന്നാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് തുടങ്ങിയുള്ള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നുള്ള പഠനം വേണം. വിവിധ റാങ്കിംഗുകളില്‍ ആദ്യനൂറില്‍ വരുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതി.

ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് രംഗത്തു തൊഴില്‍ നേടുവാന്‍ എംബിഎ (ഫിനാന്‍സ്) ഒരു അവശ്യഘടകമല്ല. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് (CA) പ്രോഗാം, കോസ്റ്റ് ആന്‍ഡ് മാനേജുമെന്‍റ് (ICWA) പ്രോഗ്രാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്വറീസ് ഓഫ് ഇന്ത്യയുടെ (IAI) പ്രോഗ്രാം.

ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ റിസ്ക് മാനേജര്‍ (FRM) പ്രോഗ്രാം, ചാര്‍ട്ടേര്‍ഡ് ആള്‍ട്ടനര്‍നേറ്റീവ്സ് ഇന്‍വെസ്റ്റ്മെന്‍റ് അനലിസ്റ്റ് (CAIA) പ്രോഗ്രാം, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ (CFP) പ്രോഗ്രാം തുടങ്ങിയവയൊക്കെ പ്രയോജനപ്രദമായ കോഴ്സുകളാണ്.

ഈ പ്രോഗ്രാമുകള്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കോഴ്സിനെക്കുറിച്ചും നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും അറിവു ലഭിക്കും.

മറ്റു കോഴ്സുകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സു(NISM)മായി ചേര്‍ന്നു നടത്തുന്ന പിജിസിസിഎം (പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ്) പരിഗണിക്കാവുന്ന കോഴ്സുകളിലൊന്നാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റ് (IIM) ഐസിഐസിസി ഡയറക്ട് സെന്‍റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ലേണിംഗു(ICFL)മായി സഹകരിച്ചു നടത്തുന്ന പിജിസിപിഐബി (പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിംഗ്) മറ്റൊരു മികച്ച കോഴ്സാണ്.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്സാണിത്. അഞ്ചു ദിവസത്തെ ക്ലാസ് റൂം പഠനവുമുണ്ടാകും. 50 ശതമാനം മാര്‍ക്കോടെ ബിരുദമോ ബിരുദാനന്തരബിരുദമോ ആണു യോഗ്യത.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) നടത്തുന്ന വിവിധ പിജി/ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് കേഴ്സുകളും മികച്ചവയാണ്. സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് (NCFM) ഓണ്‍ലൈന്‍ കോഴ് സാണ്.

ഓണ്‍കാമ്പസ് കോഴ്സുകള്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു നടത്തുന്നത്.

ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) നാലു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ കാപ്പിറ്റല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് (CPCFM) എന്ന ഈ ഓണ്‍ലൈന്‍ കോഴ്സിനു ബിരുദമാണു യോഗ്യത. വാരാന്ത്യങ്ങളില്‍ മാത്രമാണു ക്ലാസ്സുകള്‍.

കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു ദിവസം മുതല്‍ പത്തു ദിവസം വരെ ദൈര്‍ഘ്യമുള്ള വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തിവരുന്നുണ്ട്.

ഓഹരി വിപണിയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ ലഭിക്കുന്നതിനും തുടര്‍ പഠനം പ്ലാന്‍ ചെയ്യുന്നതിനും ഈ പരിശീലനങ്ങള്‍ ഉപകരിക്കും.

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഷഹീദ് സുഖ്ദേവ് കോളജ്, ഗുരു ഗോവിന്ദ് സിംഗ് കോളജ്, ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, മുംബൈയിലെ എന്‍എംഐഎസ്എംഎസ്, ഗാസിയാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റ് ആന്‍ഡ് ടെക്നോളജി, ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് എന്നിവിടങ്ങളിലും പഠനാവസരങ്ങളുണ്ട്.

തൊഴില്‍ സാദ്ധ്യത

മികച്ച യോഗ്യതയും കഴിവുമുള്ളവര്‍ക്കു വിപുലമായ സാദ്ധ്യതകളുണ്ട്. ഈ ലേഖനത്തിന്‍റെ ആരംഭത്തില്‍ കോര്‍പ്പറേറ്റ് ധനകാര്യവുമായി ബന്ധപ്പെട്ടു സൂചിപ്പിച്ച സ്ഥാപനങ്ങളിലെല്ലാം തൊഴിലവസരങ്ങളുണ്ടാകും. മികച്ച വേതനവും ലഭിക്കും.

വ്യക്തിഗുണങ്ങള്‍

അക്കാദമിക്കായ യോഗ്യതകള്‍ക്കപ്പുറം വ്യക്തിഗുണത്തിനു വളരെയേറെ പ്രാധാന്യം ഈ മേഖലയിലുണ്ട്. ധനകാര്യം, ബിസിനസ്സ്, കണക്ക്, അക്കൗണ്ടിംഗ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളോട് ആഭിമുഖ്യമുണ്ടാകണം. വിശകലനാത്മകമായ കഴിവു (Analytical skill), ആശയവിനിമയ പ്രാവീണ്യം എന്നിവയും അത്യന്താപേക്ഷിതമാണ്.

റിസ്ക് വിശകലനം ചെയ്യുവാനും തീരുമാനങ്ങളെടുക്കുവാനും കഴിവുണ്ടാകണം. ഒരു ടീമിന്‍റെ ഭാഗമായിരിക്കുവാനുള്ള വ്യക്തിത്വം വേണം.

Summary: Investment management is a challenging and rewarding career that requires deep knowledge of finance and markets. To succeed, you need analytical and communication skills, as well as the ability to analyze risk and make decisions. There are a number of courses and programs available to help you develop the skills you need, and job opportunities are plentiful.

Share Now: